ഭൂമിയിടപാട് കേസ്; കർദിനാൾ ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സർക്കാരിന്റെ സത്യവാങ്മൂലം
കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതിയായ എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രിംകോടതിയിൽ സമർപ്പിക്കാൻ തയാറാക്കിയ കരട് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാനോൻ നിയമപ്രകാരമുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് ഭൂമിയിടപാട് നടന്നതെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇ.ഡി കേസും, വത്തിക്കാൻ നടപടിയും നിലനിൽക്കെ സർക്കാർ കർദിനാളിന് അനുകൂലമായ നിലപാടെടുത്തത് കർദിനാളിനെ അവഹേളിക്കാനാണെന്ന് ഫാദർ പോൾ തേലക്കാട്ട് പ്രതികരിച്ചു.
എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസിലെ അന്വേഷണത്തിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എറണാകുളം സി ബ്രാഞ്ച് എ.സി.പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് എട്ട് പേജുള്ള സത്യവാങ്മൂലം.
ചൊവ്വര സ്വദേശി പാപ്പച്ചന്‍ എന്നയാളിന്റെ പരാതിയിൽ 2019 ഏപ്രിൽ 11 മുതൽ 2020 ജനുവരി 20 വരെയായിരുന്നു അന്വേഷണം. മറ്റൂരിൽ മെഡിക്കൽ കോളേജ് നിർമാണത്തിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടും, വായ്പ തിരിച്ചടവിനായി സഭ ഭൂമി വിറ്റതിലും ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. എന്നാൽ, എറണാകുളം സി ബ്രാഞ്ച് എ.സി.പിയുടെ അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയില്ല. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാനോന്‍ നിയമപ്രകാരമുള്ള കൂടിയാലോചനകൾ നടന്നിരുന്നു. സഭ ഭൂമി വിറ്റതിന്റെ പണം കൃത്യമായി എറണാകുളംഅങ്കമാലി അതിരൂപതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിരുന്നു. വസ്തുതകൾ മനസിലാക്കാതെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.