എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ
എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ. പാലക്കാട് ഷോളയാർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആദിവാസികളെ കൈയേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. പട്ടിക ജാതി− പട്ടിക വർഗ ആക്രമണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഘടന ആദിവാസികളുടെ പട്ടയഭൂമി കൈയേറിയത് അന്വേഷിക്കാൻ എസ്‍സി/എസ്‍ടി കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടർന്ന്, സന്നദ്ധ സംഘനയായ എച്ച്ആർഡിഎസിന്‍റെ രാഷട്രീയമടക്കം ഏറെ ചർച്ചയായിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി നൽകിയതിനാണ് അജി കൃഷ്ണനെ കള്ളക്കേസിൽ കുടുക്കിയതെന്നാണ് എച്ച്ആർഡിഎസിന്റെ ആരോപണം.
സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുകയാണെന്നും ഏറ്റവും അവസാനത്തെ ഇരയാണ് അജി കൃഷ്ണനെന്നും എച്ച്ആർഡിഎസ് പ്രസ്താവനയിൽ പറയുന്നു. ആദിവാസികളെ കൈയേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന് കാണിച്ച് ഒരുവർഷം മുന്‍പ് ഷോളയൂർ സ്വദേശിയാണ് അജി കൃഷ്ണനെതിരെ പരാതി നൽകിയത്.
വിദേശത്തായിരുന്ന അജി കൃഷ്ണന്‍ ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. രാത്രി എട്ടരയോടെയായിരുന്നു അറസ്റ്റ് ചെയ്തത്. ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന എച്ച്ആർഡി എസ് കേരളം, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാർഖണ്ഡ് ഉൾപ്പടെയുള്ള ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ്.