ശ്രീലേഖയുടെ വാദം തള്ളി ദിലീപിന്റെ സെൽഫി എടുത്തയാൾ
ദിലീപും പൾസർ സുനിയും അടങ്ങുന്ന ചിത്രം പകർത്തിയയാൾ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്ത്. ആർ ശ്രീലേഖ പറഞ്ഞ ഫോട്ടോ, എഡിറ്റ് ചെയ്തതല്ലെന്നും താൻ ആണ് ആ സെൽഫി എടുത്തതെന്നും യുവാവ് പറഞ്ഞു.
‘ജോർജേട്ടൻസ് പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് ക്ലബ് ബാർ മാനായി വർക്ക് ചെയ്തിരുന്ന യുവാവ് ദിലീപിനൊപ്പമുള്ള ഫോട്ടോ എടുത്തത്. ഈ ഫോട്ടോയിലാണ് ലൊക്കേഷനിൽ പൾസർ സുനി ഉണ്ടായിരുന്നത്. ചിത്രത്തിൽ ദിലീപിന്റെ പുറക് വശത്തായി നിൽക്കുകയായിരുന്നു പൾസർ സുനി.
ഫോട്ടോ പകർത്തിയ ആളുടെ പ്രതികരണം;
‘ഷൂട്ടിങ് നടക്കുന്നതിനിടയിൽ ദിലീപേട്ടനെ കണ്ടപ്പോൾ ഓടിപ്പോയി എടുത്ത ഫോട്ടോയാണത്. അപ്പോൾ തന്നെ ഫേസ്ബുക്കിലിടുകയും ചെയ്തു. എഡിറ്റോ ഒന്നും ചെയ്തിട്ടില്ല. അന്ന് ഫോട്ടോയെടുത്ത് ഫോണ്‍ ഇപ്പോൾ കോടതിയിലുണ്ട്. സിഐ സാറിനാണ് ആദ്യം ഫോണ്‍ കാണിച്ചത്. ഒരു കൃത്രിമവും താനായിട്ട് നടത്തിയിട്ടില്ല. എന്നെയാരും ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടുമില്ല.
പത്രത്തിലൊക്കെ പൾസർ സുനിയുടെ ഫോട്ടോ കണ്ടറിയാം. അതാണ് ഞാനെടുത്ത ഫോട്ടോയിലും കണ്ടപ്പോൾ തിരിച്ചറിഞ്ഞത്. ഫോട്ടോയുടെ കാര്യം കോടതിക്കും ബോധ്യപ്പെട്ടതാണ്’.
ദിലീപും പൾസർ സുനിയും നിൽക്കുന്ന ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാണെന്നായിരുന്നു വ്‌ളോഗിലൂടെ ആർ ശ്രീലേഖ വെളിപ്പെടുത്തിയത്. ഫോട്ടോഷോപ്പാണെന്ന് കണ്ടാൽ തന്നെ അറിഞ്ഞൂടേ എന്ന് താൻ ചോദിച്ചപ്പോൾ, അത് അവിടെയുണ്ടായിരുന്ന മുതിർന്ന പൊലീസുകാരന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെയൊരു തെളിവ് നമുക്കാവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വെറുതെ പറഞ്ഞ കാര്യം അംഗീകരിച്ചുകേട്ടപ്പോൾ ഞെട്ടിപ്പോയി എന്നുമായിരുന്നു ശ്രീലേഖയുടെ വാക്കുകൾ.