വെളിപ്പെടുത്തലിന് പിന്നാലെ ഉയരുന്ന വിവാദത്തിൽ പ്രതികരണവുമായി ആർ. ശ്രീലേഖ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന തന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഉയരുന്ന വിവാദത്തിൽ പ്രതികരണവുമായി മുൻ ജയിൽ ഡി.ജി.പി ആർ ശ്രീലേഖ. ഇനി കൂടുതലൊന്നും സംസാരിക്കാനില്ല. പറയേണ്ടതെല്ലാം വീഡിയോയിൽ പറഞ്ഞു. ഇപ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾ ഞാൻ പ്രതീക്ഷിച്ചതാണ്. വിചാരണ നടപടികൾ അവസാനിച്ചത് കൊണ്ടാണ് ഈ വിഷയം തിരഞ്ഞെടുത്തത്. എന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാൻ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെയൊക്കെ പറയുന്നത്∍− ശ്രീലേഖ പറഞ്ഞു.
അതേസമയം, ആർ ശ്രീലേഖയ്‌ക്കെതിരെ പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുകയാണ്. വിസ്‌താരം നടക്കുന്ന കേസിലെ പ്രതി നിരപരാധിയെന്ന് പറഞ്ഞതിനെ മുൻനിർത്തിയാകും നടപടി. ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലാണ്.
യൂട്യൂബ് ചാനലിലൂടെയായിരുന്നു പൊലീസിനെതിരെ ആരോപണവുമായി ശ്രീലേഖ രംഗത്തെത്തിയത്. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണന്നും, നടനെ അറസ്റ്റ് ചെയ്തതിൽ തെറ്റുപറ്റിയെന്നും പറഞ്ഞാൽ പൊലീസിന്റെ വിശ്വാസ്യത കൂടുമെന്നും ഇവർ പറഞ്ഞിരുന്നു. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായതിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വിമർശനവുമായി നിരവധിപേർ എത്തുകയാണ്. മുൻ ഡി.ജി.പിക്കെതിരെ നിയമനടപടി എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.