മുൻ ഡിജിപി ആർ‍ ശ്രീലേഖ നടത്തിയ വിവാദ പരാമർ‍ശത്തിനെതിരെ ഭാഗ്യലക്ഷ്മി


നടിയെ ആക്രമിച്ച കേസിൽ‍ മുൻ ഡിജിപി ആർ‍ ശ്രീലേഖ നടത്തിയ വിവാദ പരാമർ‍ശത്തിനെതിരെ ഭാഗ്യലക്ഷ്മി. ആരോപണങ്ങൾ‍ക്ക് പിന്നിൽ‍ ഗൂഢാലോചനയാണ്. ശ്രീലേഖയുടേത് യൂട്യൂബ് വരുമാനത്തിന് വേണ്ടിയുള്ള വൃത്തികെട്ട പ്രവർ‍ത്തിയായിപ്പോയി. പറഞ്ഞതിൽ‍ സത്യമുണ്ടെങ്കിൽ‍ എന്തുകൊണ്ട് ഇത്രയും നാൾ‍ പ്രതികരിച്ചില്ലെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഭാഗ്യലക്ഷ്മിയുടെ പ്രതികരണം; “ഒരുപാട് ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു ആർ‍ ശ്രീലേഖ ഐപിഎസ്, അനവസരത്തിൽ‍ അവർ‍ നടത്തിയ പ്രസ്താവനയിൽ‍ എന്തെങ്കിലും വാസ്തവമുണ്ടായിരുന്നെങ്കിൽ‍ അത് വെളിപ്പെടുത്താൻ എത്രയോ അവസരങ്ങളുണ്ടായിരുന്നു. ആ സമയത്തൊന്നും വെളിപ്പെടുത്താതെ, തന്റെ യൂട്യൂബ് ചാനലിന്റെ 75ാം എപ്പിസോഡിൽ‍ ഭയങ്കര പൊട്ടിത്തെറിയുണ്ടാക്കുന്ന രീതിയിലാണ് അവരുടെ ആരോപണം. യൂട്യൂബിൽ‍ നിന്ന് കിട്ടുന്ന വരുമാനത്തിന് വേണ്ടിയുണ്ടാക്കിയ വൃത്തികെട്ട പ്രവർ‍ത്തിയായിപ്പോയി ഇത്. ഇവർ‍ക്ക് ഇതിൽ‍ എന്തെങ്കിലും സത്യം അറിയാമായിരുന്നുവെങ്കിൽ‍ എന്തുകൊണ്ട് ആദ്യമേ വെളിപ്പെടുത്തിയില്ല? ഇവരുടെ മുമ്പിൽ‍ ഇര ദിലീപ് ആണല്ലോ, ആ ഇരയെ രക്ഷപ്പെടുത്താനുള്ള മർ‍ഗം ഇവർ‍ എന്തുകൊണ്ട് അന്നുതന്നെ നോക്കിയില്ല? അവർ‍ക്ക് എത്രയോ അവസരങ്ങൾ‍ ഉണ്ടായിരുന്നു. ബാലചന്ദ്രകുമാർ‍ ചുമ്മാ ഒരു യൂട്യൂബ് ചാനൽ‍ ഉണ്ടാക്കിയിട്ട് അതിന്റെ ആഘോഷത്തിന് വേണ്ടി വിളിച്ചു പറഞ്ഞതല്ല. അദ്ദേഹം മുഖ്യമന്ത്രിക്ക് വളരെ വ്യക്തമായി പരാതി അയച്ചു. അതിന് ശേഷം മാധ്യമങ്ങളിലൂടെ പ്രതികരണത്തിന് ശ്രമിച്ചു, ആരും അതിന് അവസരം കൊടുത്തില്ല. ഒടുവിൽ‍ റിപ്പോർ‍ട്ടർ‍ ചാനലാണ് അതിന് അവസരം നൽ‍കിയത്. അങ്ങനെ ഒരു മുഖ്യധാരാ മാധ്യമം വഴിയാണ് അയാൾ‍ അയാൾ‍ക്ക് അറിയാമായിരുന്ന സത്യങ്ങൾ‍ വെളിപ്പെടുത്തിയത്. 

സർ‍വീസിൽ‍ നിന്ന് വിരമിച്ചതിന് ശേഷം ഇത്ര നാളായിട്ടും അവർ‍ എന്തുകൊണ്ട് പ്രതികരിച്ചില്ല. മുഖ്യമന്ത്രിക്ക് പരാതി നൽ‍കാമായിരുന്നു, വാർ‍ത്താ സമ്മേളനം നടത്താമായിരുന്നു. ഇതൊന്നും ചെയ്യാതെ തനിക്ക് ലാഭം കിട്ടാൻ വേണ്ടിയോ അല്ലെങ്കിൽ‍ താനൊരു വലിയ സത്യം തുറന്നു പറഞ്ഞു എന്ന് പുറം ലോകത്തെ ധരിപ്പിക്കാന്‍ വേണ്ടിയോ ആണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അവർ‍ പറഞ്ഞതിൽ‍ ഒരു സത്യവുമില്ല, സത്യമുണ്ടായിരുന്നെങ്കിൽ‍ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് അവർ‍ക്ക് പ്രതികരിക്കാമായിരുന്നില്ലേ. അവർ‍ ദിലീപിന് എങ്ങനെയുണ്ടെന്ന് നോക്കാനാണ് പോയത്, എങ്ങനെയുണ്ട് അവൾ‍ എന്ന് നോക്കാൻ തോന്നിയില്ല. ഉദ്യോഗസ്ഥ എന്നതിനപ്പുറം അവർ‍ ഒരു സ്ത്രീയല്ലെ. അവർ‍ ഇതിനെല്ലാം മറുപടി പറയണം. കോടതിയുടെ സമയം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമയം അങ്ങനെ ഒരുപാട് സമയം സാമ്പത്തികം എല്ലാം നഷ്ടപ്പെടുത്തിയതിന് ശേഷമാണ് ഇപ്പോൾ‍ യൂട്യൂബ് വഴി പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് വെറുടെ വിടാൻ പറ്റില്ല, ഇവരും മറ്റാരൊക്കെയുമോ ഒരു സംഘമായി ചേർ‍ന്ന് ഗൂഢാലോചന നടത്തുകയാണ് ഇപ്പോൾ‍. കേസ് കെട്ടിച്ചമച്ചതാണെന്ന് പറയുമ്പോൾ‍ ഒരു പെൺകുട്ടിയെ അപമാനിക്കുകയാണ് അവർ‍ ചെയ്യുന്നത്. പൾ‍സർ‍ സുനി ഇത് പലരോടും ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്, പലരോടും ചെയ്തിട്ടുണ്ടെങ്കിൽ‍ പൊലീസ് ഉദ്യോഗസ്ഥയായിരിക്കെ എന്തുകൊണ്ട് നിശബ്ദയായിരുന്നു. ഇവരെ എന്തിനാണ് ജനങ്ങളുടെ പണം കൊണ്ട് ശമ്പളം കൊടുത്ത് സ്ഥാനത്തിരുത്തിയത്. ഇപ്പോഴും ജനങ്ങളുടെ പണമല്ലെ പെൻ‍ഷനായി വാങ്ങുന്നത്. എന്നിട്ടും ജനങ്ങളെയും സർ‍ക്കാരിനെയും വഞ്ചിക്കുകയല്ലെ അവർ‍ ചെയ്യുന്നത്. അവർ‍ സർ‍വീസിലുണ്ടായിരുന്നപ്പോൾ‍, അതിനകത്ത് ഒരുപാട് പൊളിടിക്‌സ് ഉണ്ടായിരുന്നു. ആരോടൊക്കെയോ വ്യക്തിവിരോധമുണ്ടോ, അത് തീർ‍ക്കാൻ വിരമിച്ച ശേഷം യൂട്യൂബ് ചാനൽ‍ ഉപയോഗിക്കുകയാണ്. അവരെ പലരും കരുവാക്കുന്നുണ്ട്. എനിക്ക് ഏറ്റവും ബഹുമാനവും, അടുപ്പവും ഉണ്ടായിരുന്ന വ്യക്തിയാണ്, അവർ‍ ചെയ്തത് അനീതിയാണെന്ന് പറയാതിരിക്കാൻ കഴിയില്ല. സമൂഹത്തോടും, നിയമത്തോടും പെൺകുട്ടിയോടും ചെയ്യുന്ന അനീതിയാണ്.”

You might also like

  • Lulu Exchange
  • Straight Forward

Most Viewed