'വയസ് വെറും നമ്പര്‍'; ലോക മാസ്‌റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട വെങ്കലം നേടിയ എം ജെ ജേക്കബിനെ അഭിനന്ദിച്ച് മന്ത്രി ശിവന്‍കുട്ടി


ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട വെങ്കലം നേടി 80കാരനായ എം ജെ ജേക്കബ്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച 200, 800 മീറ്റര്‍ ഹര്‍ഡില്‍സ് വിഭാഗങ്ങളിലാണ് പിറവം മുന്‍ എംഎല്‍എ മെഡലുകള്‍ നേടിയത്. ഫിന്‍ലന്‍ഡിലെ ടാംപെരെ സ്റ്റേഡിയമാണ് മുതിര്‍ന്നവരുടെ കായിക മേളയ്ക്ക് വേദിയാകുന്നത്. എം ജെ ജേക്കബിനെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി.'സഖാവെ, വയസ് വെറും നമ്പര്‍ മാത്രമാണെന്ന് എല്ലാവരും പറയാറുണ്ടത്. അങ്ങ് അത് തെളിയിച്ചു,' സഖാവ് എംജെ നമ്മുടെ അഭിമാനമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സിപിഐഎം നേതാവ് ഫിന്‍ലന്‍ഡിലെ മെഡലുമായി നില്‍ക്കുന്ന ചിത്രവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

മുന്‍പും അത്‌ലറ്റിക്‌സില്‍ ഒട്ടെറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള പൊതുപ്രവര്‍ത്തകനാണ് എം ജെ ജേക്കബ്. 1963ല്‍ കേരളത്തിലെ അന്നത്തെ ഏക സര്‍വകലാശാലയായ കേരള യൂണിവേഴ്‌സിറ്റിയുടെ ചാംപ്യന്‍ഷിപ്പ് നേടിയാണ് കായിക ലോകത്തെ മിന്നും പ്രകടനങ്ങളുടെ തുടക്കം. അന്ന് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡ് വിജയം നേടി. ഏഷ്യ, ചൈന, ജപ്പാന്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നടന്ന മാസ്റ്റേഴ്‌സ് ഏഷ്യന്‍ മീറ്റിലും ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നടന്ന ലോകമീറ്റിലും സ്വര്‍ണം നേടിയിട്ടുണ്ട്. 2021ല്‍ പങ്കെടുത്ത സംസ്ഥാന മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വര്‍ണം കരസ്ഥമാക്കി. ഇതിനിടെ പൊതുപ്രവര്‍ത്തകനായും ജേക്കബ് തിളങ്ങി. 2006ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ഥിയായി മത്സരിച്ച എം ജെ ജേക്കബ് മന്ത്രി ടി എം ജേക്കബിനെ അട്ടിമറിച്ച് എംഎല്‍എയായി. രണ്ടുതവണ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായി. രണ്ടുതവണയും മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. എംഎ, എല്‍എല്‍ബി ബിരുദധാരിയായ എംജെ ജേക്കബ് ഇപ്പോഴും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed