ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു


സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല. തീ കത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നുമില്ല. ആദ്യഘട്ടത്തില്‍ തന്നെ അന്വേഷണം വഴിതെറ്റിയെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.

തിരുവനന്തപുരം സാളഗ്രാമം ആശ്രമത്തിൽ 2018 ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ സാളഗ്രാമം ആശ്രമത്തില്‍ പുലര്‍ച്ചെ തീപിടിക്കുകയും, മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. ഒപ്പം ആശ്രമത്തിന് ഭാഗികമായ കേടുപാടുകളുണ്ടായി.

സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ്രമം സന്ദര്‍ശിച്ചിരുന്നു. ശബരിമലയിലെ യുവതീപ്രവേശനവിധിയോട് അനുകൂല നിലപാടായിരുന്നു സ്വാമി സന്ദീപാനന്ദഗിരിക്ക്. അതിനാല്‍, സംഘപരിവാര്‍ സംഘടനകളാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു എന്നാല്‍ ആരോപണം. ഇതോടൊപ്പം സന്ദീപാനന്ദഗിരി തന്നെയാണ് പിന്നിലെന്ന ആരോപണവും ഇതിനിടെയുണ്ടായി.

അതേസമയം അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം ഖേദകരമാണെന്നും കേസിൽ പോലീസ് തെളിവുകൾ നശിപ്പിച്ചെന്നും സ്വാമി സന്ദീപാനന്ദഗിരി ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed