ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം കെെക്കലാക്കി: ഡിജിപി സുദേഷ് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ


ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം വാങ്ങിയ സംഭവത്തിൽ ജയിൽ മേധാവിയും ഡിജിപിയുമായ സുദേഷ് കുമാറിനെതിരെ കേസെടുക്കാൻ ശുപാർശ. 95 ശതമാനം ഇളവിൽ സ്വർണ്ണാഭരണം കൈക്കലാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ചീഫ് സക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും കേസെടുക്കാൻ ശുപാർശ നൽകിയത്. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്. എംജി റോഡിലെ ജ്വല്ലറിയിൽ നിന്നാണ് സുദേഷ് കുമാർ മകൾക്ക് ആന്റിക് ശ്രേണിയിൽ ഏഴു പവൻ മാല വാങ്ങിയത്. വിലയിൽ ഇളവ് വേണമെന്ന് പലതവണ ആവശ്യപ്പെട്ട സുദേഷ് കുമാർ ഒടുവിൽ സ്വർണക്കടത്തിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ചെറിയ വിലയിൽ വാങ്ങുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ വിജിലൻസിൽനിന്ന് ജയിൽ മേധാവിയായി മാറ്റിയത്.

കൂടാതെ പൊലീസ് ഡ്രൈവർ ഗവാസ്കറിനെ മർദിച്ചെന്ന കേസിൽ മകൾക്കെതിരായ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയതായും വിജിലൻസ് ഡയറക്ടറായിരിക്കെ ഡിജിപി, എഡിജിപി, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ വിജിലൻസ് കേസിൽ കുടുക്കാൻ ശ്രമിച്ചതായുമുള്ള വിവരങ്ങളും ഇദ്ദേഹത്തിനെതിരെ പുറത്തുവന്നിട്ടുണ്ട്. 2018 ജൂൺ 14ന് രാവിലെ കനകക്കുന്നിൽ പ്രഭാത സവാരിക്കെത്തിയപ്പോൾ സുദേഷ്‌ കുമാറിൻറെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ചത് ഏറെ വിവാദമായിരുന്നു. നാലു മാസം മുമ്പാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തൻ കാണി ഇതിൽ അന്വേഷണ റിപ്പോർട്ട് നൽകിയത്. ഗവാസ്‌കറെ പരസ്യമായി കവിളത്തടിക്കുകയും മർദിക്കുകയും ചെയ്തെന്നും അയാൾക്കെതിരെ നൽകിയ പരാതി വ്യാജമാണെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed