വനത്തില്‍ അനുമതിയില്ലാതെ പ്രവേശിച്ച യൂട്യൂബര്‍ക്കെതിരെ നടപടിയുമായി വനം വകുപ്പ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും


വനത്തിനുള്ളില്‍ അനുമതിയില്ലാതെ പ്രവേശിച്ച് വന്യജീവികളെ ചിത്രീകരിച്ചതിന് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ യൂട്യൂബറുടെ വീട്ടില്‍ നോട്ടീസ് പതിക്കും. കിളിമാനൂര്‍ സ്വദേശി അമല അനുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് വനം വകുപ്പ് നോട്ടീസ് നല്‍കുന്നത്. കേന്ദ്ര- സംസ്ഥാന വനം വന്യജീവി നിയമങ്ങള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആറ് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെന്‍മല മാമ്പഴത്തറ വനത്തില്‍ പ്രവേശിച്ച് ഹെലിക്യാം ഉള്‍പ്പെടെയുള്ള ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തുകയും, മൃഗങ്ങളെ പ്രകേപിപ്പിക്കുകയും ചെയ്തു. ഈ ദ്യശ്യങ്ങള്‍ യൂട്യുബിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വനത്തിലേക്ക് കൊണ്ടുപോയതിന് ബാലാവകാശ കമ്മിഷനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വനം വകുപ്പ് കത്ത് നല്‍കും.വനം വന്യജീവി നിയമപ്രകാരം ഇത്തരത്തിലുള്ള ചിത്രീകരണവും പ്രചാരണവും മുന്‍കൂര്‍ അനുമതി വേണം അല്ലാത്തപക്ഷം ഇത്തരം പ്രവര്‍ത്തികള്‍ കുറ്റകരമാണ്. സിനിമ ചിത്രീകരണത്തിന് പ്രത്യേക കരാര്‍ തയ്യാറാക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അനുമതി നല്‍കുക. ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരണം നടത്തുമ്പോള്‍ ഭയന്ന് കാട്ടിലേക്ക് ഓടിയ കാട്ടാന, പ്രകേപിപ്പിച്ചതോടെ യൂട്യൂബര്‍ക്ക് നേരെ ഓടിയെത്തുന്നത് ദൃശ്യങ്ങള്‍ ഉണ്ട്. കേസെടുത്തതോടെ വീഡിയോ നീക്കം ചെയ്തു. യൂട്യൂബറുടെ പ്രവര്‍ത്തി അംഗീകരിക്കാനാകില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed