രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ലെന്ന് പൊലീസ് റിപ്പോർട്ട്


രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷം തന്നെയാണെന്ന് പൊലീസ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളും പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ലെന്ന തരത്തിൽ തന്നെയാണ് റിപ്പോർട്ട്. കസേരയിൽ വാഴ വെച്ച ശേഷവും ചുമരിൽ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എസ്.എഫ്.ഐക്കാർ ഇറങ്ങിപ്പോയ ശേഷം വീണ്ടും ഇവരെത്തിയിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. 

വയനാട് ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്കും അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിക്കും നൽകിയ റിപ്പോർട്ടുകളിലാണ് എസ്.എഫ്.ഐക്കാർക്ക് ഗാന്ധി ചിത്രം തകർത്തതിൽ പങ്കില്ലെന്ന് വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ടുകൾ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുമുണ്ട്. അക്രമം കഴിഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ പോയ ശേഷം 4 മണിക്ക് പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രത്തിൽ ഗാന്ധിയുടെ ചിത്രം ചുമരിലും ഫയലുകൾ മേശപ്പുറത്തും ഇരിക്കുന്നത് വ്യക്തമാണ്.

ഫോട്ടോഗ്രാഫർ ഫോട്ടോയെടുത്ത ശേഷം താഴേയ്ക്കിറങ്ങുമ്പോൾ കോൺഗ്രസ് പ്രവർത്തകർ മുകളിലേക്ക് കയറിപ്പോവുകയായിരുന്നു. വീണ്ടും 4.30ന് ഫോട്ടോഗ്രാഫർ മുകളിലെത്തി എടുത്ത ചിത്രങ്ങളിൽ ഓഫീസിൽ യു.ഡി.എഫ് പ്രവർത്തകർ നിൽക്കുന്നതും ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നതും കാണാം. ഏറെ വിവാദമുണ്ടാക്കിയ സംഭവത്തിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയ വിവാദങ്ങൾ‍ക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരുകയാണ്. സ്വാഭാവികമായും ഈ റിപ്പോർട്ട് ഉയർത്തിക്കാട്ടിയാവും ഭരണപക്ഷം പ്രതിപക്ഷത്തെ പ്രതിരോധിക്കുന്നത്. എ.കെ.ജി സെന്റർ‍ ആക്രമണവും പി.സി ജോർ‍ജിന്റെ ആരോപണങ്ങളും ചർ‍ച്ചയായേക്കും.

മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ വീണ്ടും സമ്മേളിക്കുമ്പോൾ‍ സർ‍ക്കാരിനെ പ്രതിരോധത്തിൽ‍ നിറുത്താനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിക്കും മകൾ‍ക്കും എതിരെ പി.സി ജോർ‍ജ് നടത്തിയ ഉന്നയിച്ച ആരോപണങ്ങൾ‍ അവഗണിക്കാനാണ് സി.പി.എം തീരുമാനം. എന്നാൽ‍ വിഷയം യു.ഡി.എഫ് ഏറ്റെടുക്കില്ലെന്ന കണക്കൂട്ടൽ‍ തെറ്റിച്ച് ജോർ‍ജിനെ പിന്തുണച്ച് കെ. സുധാകരൻ രംഗത്ത് വന്നതോടെ രാഷ്ട്രീയ വാദ പ്രതിവാദങ്ങൾ‍ ഉറപ്പായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed