സ്വപ്നയെ ഭീഷണിപ്പെടുത്തിയ നൗഫല്‍ കസ്റ്റഡിയില്‍; മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണയിലെ വീട്ടീലെത്തിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു.ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു . ഫോണിലൂടെ നിരന്തരം ഭീഷണി സന്ദേശം ലഭിക്കുകയാണെന്ന് സ്വപ്‌ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ നടത്തുന്ന ആരോപണങ്ങള്‍ നിര്‍ത്തണമെന്ന് നൗഫൽ ആവശ്യപ്പെട്ടു. ഞാനും മകനും അമ്മയും ഏത് നിമിഷവും കൊല്ലപ്പെടാം. എത്ര നാള്‍ ജീവനോടെയുണ്ടാകുമെന്ന് അറിയില്ല. മരട് അനീഷിനേപ്പറ്റി ഒരു ഫോണ്‍കോളില്‍ പറയുന്നുണ്ടെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.
തവനൂര്‍ എംഎല്‍എ കെ ടി ജലീലിന്റെ പേരും സ്വപ്‌ന ആരോപണങ്ങള്‍ക്കിടെ പരാമര്‍ശിച്ചു. നൗഫല്‍ എന്നയാളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. പേരും വിലാസവും വെളിപ്പെടുത്തിയാണ് ഭീഷണികള്‍. കെ ടി ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞതായും സ്വപ്‌ന ആരോപിച്ചു. ഭീഷണി സന്ദേശങ്ങള്‍ സഹിതം ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കിയെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.