മോഹൻലാലിന് തുറന്ന കത്തെഴുതി നടനും എംഎൽഎയുമായ ഗണേഷ് കുമാർ


താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് മോഹൻലാലിന് തുറന്ന കത്തെഴുതി നടനും എംഎൽഎയുമായ ഗണേഷ് കുമാർ. അമ്മയുടെ നേതൃത്വം ചിലർ ഹൈജാക് ചെയ്തുവെന്നാണ് ഗണേഷ് ഉന്നയിക്കുന്ന ഗുരുതര ആരോപണം.

ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും അത് ശരിയല്ലെന്നും ഗണേഷ് കുമാർ കത്തിൽ പറയുന്നു. വിജയ് ബാബുവിനെ അമ്മ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല.

മാസ് എൻട്രി എന്ന നിലയിൽ അമ്മ തന്നെ വിജയ് ബാബുവിന്‍റെ വീഡിയോ ഇറക്കി. ജനറൽ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് മോഹൻലാൽ വ്യക്തമാക്കണമെന്നും ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെടുന്നു.

അംഗത്വ ഫീസ് 2,05,000 ആയി ഉയർത്തിയത് എന്തിന്?. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിജയ് ബാബുവിനോട് പണം വാങ്ങിയെന്ന യുവനടിയുടെ പരാതിയിലെ ആരോപണം ഗുരുതരമാണ്. അമ്മ ക്ലബ്ബാണെന്ന് പറഞ്ഞ ഇടവേള ബാബുവിനെ തിരുത്താത്ത മോഹൻലാലിന്‍റെ നടപടി ശരിയല്ലെന്നും ഗണേഷ് കുറിക്കുന്നു.

ബിനീഷ് കോടിയേരിയുടേത് സാമ്പത്തിക കുറ്റമാണ്. അതും പീഡന കേസും തമ്മില്‍ എന്തിനാണ് താരതമ്യം ചെയ്യുന്നത്. ജഗതി ശ്രീകുമാറിനെ അപമാനിക്കാന്‍ ഇടവേള ബാബു ശ്രമിച്ചത് എന്തിനായിരുന്നുവെന്നും ഗണേഷ് കുമാറിൽ കത്ത് ചോദിക്കുന്നു.

തന്റെ ചോദ്യങ്ങള്‍ക്കെല്ലാം മോഹന്‍ലാല്‍ മറുപടി പറയുമെന്നാണ് പ്രതീക്ഷ. അദ്ദേഹം മൗനം വെടിയണം. നേരത്തെയും കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ അതിനൊന്നും മറുപടിയുണ്ടായില്ലെന്നും ഗണേഷ് കുമാർ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed