പ്രശസ്ത ഗാനരചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു


ഭക്തിഗാനങ്ങൾകൊണ്ട് ആസ്വാദകലോകത്തെ തഴുകിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. 

‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’, ‘ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്ക് ചില നേരമുണ്ടൊരു കള്ളനോട്ടം’ തുടങ്ങിയ പ്രശസ്തമായ ഭക്തിഗാനങ്ങൾ അദ്ദേഹം രചിച്ചവയാണ്. മൂവായിരത്തോളം ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്.

ഗുരുവായൂർ, ചൊവ്വല്ലൂർ ക്ഷേത്രങ്ങളിലെ പാരമ്പര്യ കഴകപ്രവൃത്തിയുള്ള ഗുരുവായൂർ ചൊവ്വല്ലൂർ വാരിയത്ത് കുടുംബാംഗമാണ്.ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടൻ, ഹാസ്യസാഹിത്യകാരൻ, നാടകകൃത്ത്, കലാനിരൂപകൻ എന്നിങ്ങനെ സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്രചാർത്തിയ പ്രതിഭയായിരുന്നു ചൊവ്വല്ലൂർ.

ഹാസ്യ സാഹിത്യകാരനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മികച്ച നാടകഗാന രചയിതാവിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഗുരുവായൂർ തിരുവെങ്കിടാചലപതി പുരസ്‌കാരം, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്‌കാരം, പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം, രേവതി പട്ടത്താനം പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.ആകാശവാണി സ്റ്റാഫ് ആർട്ടിസ്റ്റ്, കേരള കലാമണ്ഡലം വൈസ് ചെയർമാൻ, സംഗീതനാടക അക്കാദമി അംഗം, സാഹിത്യ അക്കാദമി അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

 

 

You might also like

Most Viewed