പ്രതിപക്ഷ പ്രതിഷേധം; നിയമസഭ നിർത്തിവെച്ചു

പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ അൽപ്പസമയത്തേക്ക് നിർത്തിവെച്ചു. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയതോടെയാണ് സഭ അൽപസമയത്തേക്ക് നിർത്തിവെച്ചതായി സ്പീക്കർ എംബി രാജേഷ് അറിയിച്ചത്. ശേഷം അദ്ദേഹം ചേംബറിലേക്ക് മടങ്ങി. പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. പ്ലക്കാർഡുകളും ബാനറുകളും ഉയർത്തുന്നത് സഭാ ചട്ടങ്ങൾക്കെതിരാണെന്ന് എംബി രാജേഷ് ആവർത്തിച്ചു. എന്നാൽ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി. രാഹുൽഗാന്ധി എംപിയുടെ വയനാട് കൽപ്പറ്റയിലെ ഓഫീസ് ആക്രമിച്ച കാര്യം ഉയർത്തിയാണ് പ്രതിഷേധം. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണം, സംഘർഷത്തിന് പൊലീസ് ഒത്താശ ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് സംബന്ധിച്ച കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററായിരുന്നു ചോദ്യോത്തരവേളയിൽ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയാൻ ആരംഭിച്ചത്. ഉടന്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ചോദ്യോത്തര വേള തടസപ്പെടുത്തുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കരുതെന്ന് സ്പീക്കർ ആവർത്തിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
മുൻ എംഎൽസി പ്രേം സാഗർ റാവുവും പിന്നീട് സ്പീക്കർ ചെയറിൽ നിന്നും എഴുന്നേറ്റ് നിന്ന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം സീറ്റിൽ ഇരിക്കാതെ പ്രതിഷേധം തുടരുകയായിരുന്നു. മാത്യൂകുഴൽനാടൻ, എൽദോസ് കുന്നംപള്ളി എംഎൽഎമാരുടേ പേര് വിളിച്ചുകൊണ്ട് സ്പീക്കർ സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ യുവ എംഎൽഎമാർ സഭയിൽ എത്തിയത്. ഷാഫി പറമ്പിൽ, അന്‍വർ സാദത്ത്, സനീഷ് കുമാർ, എൽദോസ് കുന്നംപള്ളി, റോജി എം ജോണ്‍ എന്നിവരാണ് കറുപ്പ് നിറത്തിലുള്ള ഷർട്ട് ധരിച്ച് എത്തിയത്. ഇതിന് പുറമേ മാധ്യമങ്ങൾക്കും സഭയിൽ നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ സമ്മേളനം വരെ ഇല്ലാത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. മാധ്യമങ്ങൾക്ക് പ്രവേശനം മീഡിയാ റൂമിൽ മാത്രമാണ്. പിആർഡിയിൽ നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണ് പുറത്ത് വിടുന്നത്. അതിൽ തന്നെ സ്പീക്കറുടെ ഭരണകക്ഷി എംഎൽഎമാരുടേയും ദൃശ്യങ്ങൾ മാത്രമാണ് പുറത്ത് വിടുന്നത്. പ്രതിപക്ഷ പ്രതിഷേധം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടില്ല.