പീഡന കേസ്: പൊലീസിന് മുന്നിൽ ഹാജരാകാമെന്ന് വിജയ് ബാബു


പീഡന കേസിൽ പൊലീസിന് മുന്നിൽ ഹാജരാകാമെന്ന് വിജയ് ബാബു. വിദേശത്താണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് വിജയ് ബാബു ഇ−മെയിൽ അയച്ചു. ഈ മാസം 18നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസിൽ‍ സാക്ഷികളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പീഡനം നടന്ന സ്ഥലങ്ങളിൽ കൂടുതൽ തെളിവെടുപ്പ് നടത്തും. പീഡനം നടന്ന അഞ്ചു സ്ഥലങ്ങളിലും പൊലീസ് ആദ്യഘട്ട തെളിവെടുപ്പും തെളിവ് ശേഖരണവും നടത്തിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പരിശോധനകൾ നടത്താൻ ഒരുങ്ങുന്നത്. സി സി ടിവി ദൃശ്യങ്ങൾ അടക്കമുള്ള കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. വിദേശത്തുള്ള വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാകാത്തതാണ് പ്രധാന പ്രതിസന്ധി.

ഇയാളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. വിജയ് ബാബുവിന്‍റെ പനമ്പിള്ളി നഗറിലെ വസതിയിൽ അന്വേഷണസംഘം വീണ്ടും പരിശോധന നടത്തിയിരുന്നു. ഇന്നലെ ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗം വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് അംഗത്വത്തിൽ നിന്ന് ഒഴിവാക്കി. ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ‍ വിജയ് ബാബുവിനെതിരെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു. ഐ. സി.സിയുടെ റിപ്പോർട്ടിന്‍റെയും വിജയ് ബാബു നൽകിയ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് നടപടി.

You might also like

Most Viewed