വിജയ് ബാബുവിനെ "അമ്മ' നിർവാഹക സമിതിയിൽ നിന്നും ഒഴിവാക്കി

പീഡന കേസ് പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കി. പീഡന കേസ് തീരുന്നത് വരെ വിജയ് ബാബുവിനെ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റി നിര്‍ത്താനാണ് തീരുമാനം. പദവിയില്‍ നിന്നും തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവും സംഘടനയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംഘടന തീരുമാനം കൈക്കൊണ്ടത്. വിജയ് ബാബു നൽകിയ വിശദീകരണം എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്തു. ഇതിന് ശേഷമാണ് മാറ്റിനിർത്താൻ തീരുമാനിച്ചത്. എക്സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി അമ്മ നേതൃത്വം നിയമവിദഗ്ധരുമായും ആശയവിനിമയം നടത്തിയിരുന്നു. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സനായ ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.