ഹയർസെക്കൻഡറി കെമിസ്ട്രി ഉത്തരസൂചിക പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

ഹയർസെക്കൻഡറി കെമിസ്ട്രി ഉത്തരസൂചികയിൽ പോരായ്മയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ട. . അർഹതപ്പെട്ട മാർക്ക് വിദ്യാർഥികൾക്ക് ലഭിക്കും. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു.ഉത്തര സൂചികയിലെ പിഴവ് ആരോപിച്ച് ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയം കഴിഞ്ഞ മൂന്ന് ദിവസമായി അധ്യാപകർ ബഹിഷ്കരിച്ചിരുന്നു. പുതുക്കിയ ഉത്തര സൂചിക ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് അധ്യാപകരുടെ വാദം.
പരീക്ഷാ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറയ്ക്കുവാൻ അധ്യാപകരെ ബലിയാടാക്കുകയാണെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ വ്യക്തമാക്കുന്നത്. അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി കെ.എസ്.യു രംഗത്തെത്തി. പ്രശ്‌നപരിഹാരം നടത്തി അടിയന്തരമായി മൂല്യനിർണയം പൂർത്തീകരിക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ചില അധികൃതരുടെ പിടിവാശിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ചൊവ്വാഴ്ച ഹയർസെക്കന്ററി ഡയറക്ടറേറ്റിലേക്ക് കെ.എസ്.യു മാർച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പറഞ്ഞു. അതിനിടെ, തിരുവനന്തപുരത്ത് ഹയർസെക്കൻഡറി പരീക്ഷാ വിഭാഗത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.