കോവിഷീൽഡും കോവാക്‌സിനും പൊതുവിപണിയിലേക്ക്

ഇന്ത്യയിൽ കോവിഡ് കേസുകൾ കുതിക്കുന്നതിനിടെ കോവിഡ് 19 വാക്‌സിനുകളായ കോവിഷീൽഡും കോവാക്‌സിനും വിപണിയിൽ വിൽക്കാൻ അനുമതി നൽകി ഡ്രഗ്‌സ് കണ്‍ട്രോളർ ജനറൽ ഓഫ് ഇന്ത്യ.
വിപണിയിലെത്തുന്പോൾ ഡോസിനു 275 രൂപ വിലയും 150 സർവീസ് ചാർജുമുൾപ്പെടെ 425 രൂപ വരുമെന്നാണു സൂചന. അന്തിമവില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി നിശ്‌ചയിക്കും. ഉടൻ കടകളിൽ ലഭിക്കില്ലെന്നും ആശുപത്രികളിലും ക്ലിനിക്കുകളിലുമാകും തൽക്കാലം ലഭ്യമാക്കുകയെന്നും അധികൃതർ അറിയിച്ചു. പുതിയ ഡ്രഗ്‌സ് ആൻഡ് ക്ലിനിക്കൽ ട്രയൽസ് റൂൾസി(2019)ന്റെ അടിസ്‌ഥാനത്തിലാണ് അനുമതി.
വിപണിയിൽ വിൽക്കാൻ അനുമതി തേടി കോവിഷീൽഡ് നിർമാതാക്കളായ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കോവാക്‌സിന്‍ നിർമാതാക്കളായ ഭാരത് ബയോടെക്കും ഡി.സി.ജി.ഐക്ക് അപേക്ഷ നൽകിയിരുന്നു.
വാക്‌സിന്‍ നിർമാണത്തിന്റെയും ക്ലിനിക്കൽ പരീക്ഷണങ്ങളുടെയും വിശദാംശങ്ങളും ഇതിനൊപ്പം സമർപ്പിച്ചിരുന്നു. കോവിഡ് 19 വിദഗ്‌ധ സമിതിയുടെ ജനുവരി 19നു ചേർന്ന യോഗം വാക്‌സിനുകൾ വിപണിയിൽ വിൽക്കാൻ ശുപാർശ ചെയ്‌തിരുന്നു.