കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഗോവയിലേക്ക്

കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ഗോവയിലേക്ക്. പെൺകുട്ടികളെ ഗോവയിലേക്ക് കടത്താൻ ശ്രമിച്ചുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശനൻ പറഞ്ഞു. കുട്ടികൾക്ക് കേരളം വിടാൻ പണം ഗൂഗിൾ പേ വഴി പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. കേസിൽ ലഹരി ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷണം നടക്കേണ്ടി ഇരിക്കുന്നുവെന്നും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷനർ കെ സുദർശനൻ പറഞ്ഞു.
നേരത്തെ കാണാതായ ഒരു പെൺകുട്ടിയെ കൂടി പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവിൽ വച്ചാണ് പതിനാറുകാരിയെ പൊലീസ് കണ്ടെത്തിയത്. ഇനി നാല് കുട്ടികളെ കുടി കിട്ടാനുണ്ട്. കുട്ടികൾ കടന്ന സംഭവത്തിൽ പോലീസിന് കൂടുതൽ സൂചനകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടികളെ കൊണ്ടുപോയതിന് പിന്നിൽ വലിയ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇന്നലെയാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചിൽഡ്രന്‍ൽ ഹോമിൽ നിന്ന് പെൺകുട്ടികൾ രക്ഷപെട്ടത്. സഹോദരിമാർ ഉൾപ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ ഇന്നലെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവിൽ നിന്ന് തന്നെയാണ് ആദ്യത്തെ പെൺകുട്ടിയേയും പൊലീസ് കണ്ടെത്തിയത്. ബംഗളൂരുവിലെ മടിവാളയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തിയ മറ്റ് അഞ്ച് പേർ ഓടിരക്ഷപെട്ടിരുന്നു. കുട്ടികൾ ട്രെയിൻ മാർഗം ബംഗളൂരുവിൽ എത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മടിവാളയിൽ എത്തിയ കുട്ടികൾ മലയാളികൾ നടത്തുന്ന ഒരു ഹോട്ടലിൽ മുറിയെടുക്കാൻ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാർ കുട്ടികളോട് തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ടു.
രേഖകളില്ലാത്തതിനെ തുടർന്ന് രക്ഷപെടാൻ ശ്രമിച്ചതോടെ ഹോട്ടൽ ജീവനക്കാർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഇവരിൽ ഒരാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെട്ടു. പെൺകുട്ടികൾക്ക് ബംഗളൂരുവിൽ എത്താൻ മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.