അപകടത്തിൽ കൈവിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടു: പ്രവാസി ക്ഷേമ ബോർഡിന്റെ ചികിൽസാ സഹായം 600 രൂപ

അപകടത്തിൽ പരിക്കേറ്റ് കൈവിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട പ്രവാസിക്ക് ക്ഷേമ ബോർഡ് ചികിൽസാ സഹായമായി കൊടുത്തത് വെറും 600 രൂപ. 18 വർഷം പ്രവാസിയായി ജോലി ചെയ്ത തിരുവനന്തപുരം സ്വദേശി ചന്ദ്രബാബുവിനാണ് എല്ലാ രേഖകളും സമർപ്പിച്ചിട്ടും പ്രവാസി ക്ഷേമ ബോർഡിൽ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായിരിക്കുന്നത്.
അഞ്ച് വർഷം മുൻപാണ് ഇരുചക്രവാഹനം വന്നിടിച്ച് ചന്ദ്രബാബു കിടപ്പിലായത്. അപകടത്തിൽ അദ്ദേഹത്തിന്റെ കാലിന്‍റെ എല്ലുപൊട്ടിയിരുന്നു. തുടർന്ന് ചെറുതായി എഴുന്നേറ്റ് നടക്കാനായപ്പോൾ മരത്തിൽ വിഗ്രഹം കൊത്തുന്ന ജോലി ചെയ്തുതുടങ്ങി. ഈ ജോലി ചെയ്യുന്നതിനിടെ യന്ത്രത്തിൽ കുരുങ്ങിയാണ് രണ്ട് വിരലുകൾ അറ്റുപോയത്. ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് ഫോർട്ട് താലൂക്ക് ആശുപത്രിയിലും ദിവസങ്ങളോളം ചികിത്സിച്ചു. വിരലുകൾ തുന്നിച്ചേർത്തെങ്കിലും ചലനശേഷി ലഭിച്ചില്ല. തൊഴിൽ ചെയ്ത് ജീവിക്കാനാവാത്ത സ്ഥിതിയായി.
എല്ലാ വഴികളും അടഞ്ഞതോടെയാണ് പ്രവാസി ബോർഡിന്‍റെ ചികിൽസാ സഹായത്തിനായി അപേക്ഷിച്ചത്. വാങ്ങിയ മരുന്നുകളുടെ ബില്ലും തുടർന്ന് നടത്തേണ്ട ചികിൽസയുടെ ചെലവും എല്ലാം ചേർത്ത് 40000 രൂപയ്ക്കാണ് അപേക്ഷിച്ചത്.
എന്നാൽ, കഴിഞ്ഞ ദിവസമാണ് ചികിത്സാ സഹായമായി 600 രൂപ പാസായെന്ന് അറിഞ്ഞത്. 18 വർഷം പ്രവാസിയായി ജോലി ചെയ്ത തനിക്ക് ജീവിതത്തിൽ ഒരു ബുദ്ധിമുട്ട് വന്നപ്പോൾ ഇങ്ങനെ പരിഹസിക്കേണ്ടിയിരുന്നില്ലെന്ന് ചന്ദ്രബാബു പറഞ്ഞു.