കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്; തടിയന്‍റവിട നസീറിനെയും ഷഫാസിനെയും വെറുതെ വിട്ടു
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ വിചാരണ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച തടിയന്‍റവിട നസീറിനെയും കൂട്ടുപ്രതി ഷഫാസിനെയും ഹൈക്കോടതി വെറുതെ വിട്ടു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിക്കളയുകയും ചെയ്തു. കേസിൽ യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും സ്ഫോടനത്തിന് ഗുഢാലോചന നടത്തിയെന്ന കണ്ടെത്തൽ തെറ്റാണെന്നുമായിരുന്നു പ്രതികളുടെ വാദം.
2006 മാർച്ച് മൂന്നിനാണ് കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെഎസ്ആർടിസി സ്റ്റാൻഡിലും സ്‌ഫോടനം നടന്നത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2009−ലാണ് എൻഐഎ ഏറ്റെടുത്തത്. കേരളത്തിൽ എൻഐഎ അന്വേഷിച്ച ആദ്യ തീവ്രവാദ കേസ് എന്ന പ്രത്യേകയും കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിനുണ്ടായിരുന്നു.