മധുകൊലക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കുടുംബം
മധുകൊലക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കുടുംബം. മുഖ്യസാക്ഷിയെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചതായി മധവിന്റെ സഹോദരി സരസു ആരോപിച്ചു. കേസിൽ നിന്ന് പിന്മാറാൻ സാക്ഷിക്ക് രണ്ട് ലക്ഷം രൂപ വാഗ്ദ്ധാനം ചെയ്തതായാണ് ആരോപണം.
കേസ് ഒതുക്കാൻ രാഷ്ട്രീയ സമ്മർദ്ദമുള്ളതായി സംശയമുണ്ടെന്നും, മുഖം മൂടിയിട്ട രണ്ടുപേർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയെന്നും സരസു പറഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. പബ്ലിക് പ്രോസിക്യൂട്ടറെ ഉടൻ തീരുമാനിക്കുമെന്നും കുടുംബം വ്യക്തമാക്കി.
2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ പരേതനായ മല്ലന്റെ മകൻ മധുവിനെ (30) മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടിയത്. മുക്കാലി മേഖലയിലെ കടകളിൽ നിന്ന് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചെന്ന പേരിലാണ് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. കേസിൽ പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ഇന്നലെ അറിയിച്ചിരുന്നു. മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്തിട്ടായിരിക്കും പ്രോസിക്യൂട്ടറെ നിയമിക്കുകയെന്നും, ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.