ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കും ഡ്രൈവർക്കും പരിക്ക്
ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കും ഡ്രൈവർക്കും പരിക്ക്. വയനാട് ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ മുറിയിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്.തിരുവനന്തപുരത്തുനിന്നെത്തിയ സൂപ്പർ ഡിലക്‌സ് ബസ്സിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്.
ഇന്ന് പുലർച്ചെ സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ തിരുവനന്തപുരത്തുനിന്നുള്ള സൂപ്പർ ഡീലക്സ് ബസ്സിന്റെ ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്. കണ്ടക്ടർ പെരുന്പാവൂർ സ്വദേശി എം.എം മുഹമ്മദ്, ഡ്രൈവർ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയിൽ ഉറങ്ങുന്നതിന്നിടയിലാണ് ബെർത്തിൽ സൂക്ഷിച്ചിരുന്ന മെഷീന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ശബ്ദംകേട്ട് ഉണർന്ന ജീവനക്കാർ കണ്ടത് മെഷീൻ കത്തുന്നതാണ്. തുടർന്ന് ബെർത്തിൽ നിന്നും മാറ്റുന്നതിനിടെയാണ് ഇരുവരുടേയും കൈകൾക്ക് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ല.
മെഷീൻ പൊട്ടിത്തെറിക്കാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയില്ല. അന്വേഷണത്തിനുവേണ്ടി മെഷീൻ മാറ്റിയിട്ടുണ്ട്.ഒരുമാസം മുന്പ് മൈക്രോ എഫ്എക്സ് എന്ന കന്പനിയിൽ നിന്നും വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്. ആദ്യമായാണ് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.