രണ്ടിടത്ത് രണ്ട് പരിശോധനാ ഫലം: ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി ആർടിപിസിആർ
കോവിഡ് വ്യാപനം രൂക്ഷമാകുന്പോൾ ആർടിപിസിആർ പരിശോധന ഫലങ്ങളിലെ വൈരുധ്യം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഒരു ദിവസം തന്നെ രണ്ടു സ്ഥലത്ത് നടത്തിയ ആർടിപിസിആർ ഫലങ്ങളിലെ വ്യത്യാസമാണ് ജനങ്ങളെ വലയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്കാണ് ഒരു ദിവസം രണ്ടിടത്ത് എടുത്ത ആർടിപിആറിന്‍റെ പരിശോധനാ ഫലത്തിൽ ഒന്നു പോസിറ്റീവും മറ്റൊന്നു നെഗറ്റീവുമായി കണ്ടത്. ശരിയായ ഫലമേതെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ജനങ്ങൾ.
കഴിഞ്ഞ 20ന് ആർപ്പൂക്കര മണലേൽപള്ളി കരിപ്പ ഭാഗത്തുള്ള 34കാരി മെഡിക്കൽ കോളജിലെ ദന്തരോഗ വിഭാഗത്തിൽ പൽൽ റൂട്ട് കനാൽ ചെയ്യുന്നതിനായി എത്തി. ചികിത്സയ്ക്കു മുന്പ് മെഡിക്കൽ കോളേജിൽ തന്നെയുള്ള കൊറോണ പരിശോധനാ വിഭാഗത്തിൽ ഇവർ പരിശോധന നടത്തി. ഫലം പുറത്തു വന്നപ്പോൾ കോവിഡ് പോസിറ്റീവാണെന്ന് അധികൃതർ ഫോണിൽ വിളിച്ച് അറിയിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ഉപദേശിക്കുകയും ചെയ്തു. എന്നാൽ, രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത തനിക്കു പൊസിറ്റീവാണെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നു യുവതി പറയുന്നു. മാത്രമല്ല ഹൃദയ സംബന്ധമായ അസുഖമുള്ള വയോധികരായ മാതാപിതാക്കളുണ്ടെന്നും വീട്ടിൽത്തന്നെ കഴിഞ്ഞാൽ അവരെയും രോഗം ബാധിക്കുകയില്ലെ എന്ന ചോദ്യത്തിന് അധികൃതർ മറുപടി നൽകിയില്ലെന്നും യുവതി കുറ്റപ്പെടുത്തുന്നു. സംശയം തോന്നിയ യുവതി അന്നു രാത്രി സമീപത്തെ സ്വകാര്യ ലാബിൽ വീണ്ടും സ്രവ പരിശോധന നടത്തി. 21ന് വൈകുന്നേരം ലഭിച്ച പരിശോധനാ ഫലത്തിൽ നെഗറ്റീവ് എന്നായിരുന്നു.
മെഡിക്കൽ കോളേജിലെത്തുന്നതിനു രണ്ടു ദിവസം മുന്പ് 18 നു നടത്തിയ ആർടിപിസിആർ പരിശോധനാ ഫലവും നെഗറ്റിവായിരുന്നു. ഇതോടെ ഏതു ഫലം വിശ്വസിക്കണമെന്ന സംശയത്തിലാണ് യുവതി. കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയ മറ്റൊരു യുവാവ് സ്വകാര്യ ലാബിൽ നടത്തിയ ഫലം നെഗറ്റീവായതോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെത്തി സ്രവ പരിശോധന നടത്തിയത്. അതിൽ പോസിറ്റീവെന്നു തെളിയുകയും യുവാവ് കോവിഡ് ചികിത്സയ്ക്കു വിധേയമാവുകയും ചെയ്തു. ഇത്തരത്തിൽ വിവിധ സംഭവങ്ങൾ ആവർത്തിക്കുന്നതോടെ എവിടെ നിന്നുള്ള പരശോധന ഫലമാണ് കൃത്യമെന്നുള്ള സംശയത്തിലാണ് ജനങ്ങൾ.