അഞ്ചു കോടിയുമായി 14 വർഷം മുന്‍പ് മുങ്ങിയ 'പെട്ടി മോഹനൻ' പിടിയിൽ
അഞ്ചു കോടിയോളം രൂപയുമായി പതിനാല് വർഷം മുന്പ് പാലായിൽ നിന്ന് മുങ്ങിയ ആളെ ഡൽഹിയിൽ നിന്ന് പിടികൂടി. പെട്ടി മോഹനൻ എന്നറിയപ്പെടുന്ന കെ. മോഹൻദാസിനെയാണ് പാലാ പൊലീസ് നാടകീയമായി പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഭക്തരുടെ വേഷത്തിൽ ഡൽഹി രോഹിണിയിലുള്ള അയ്യപ്പക്ഷേത്രത്തിൽ പാലായിൽ പൊലീസ് ഉദ്യോഗസ്ഥരെത്തിയത്. വഴിപാടിന് ചീട്ടെഴുതാനിരുന്ന ആളിനടുത്ത് ചെന്ന് പാലാ പൊലീസ് േസ്റ്റഷന്റെ പേരിൽ വഴിപാട് എഴുതിച്ചു. വഴിപാട് എഴുതാനിരുന്നത് പിടികിട്ടാപ്പുള്ളി പെട്ടി മോഹനൻ. പിന്നീട് അധികം സംസാരത്തിന് നിൽക്കാതെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
2008ൽ പാലായിലെ എൽ.ഐ.സി ഏജന്റ് ആയിരുന്ന മോഹൻദാസ് ഉപഭോക്താക്കളുടെ പോളിസി തുക അടയ്ക്കാതെ ചിട്ടി കന്പനിയിലേയ്ക്ക് നിക്ഷേപിക്കുകയായിരുന്നു. തന്റെ വീടും ആറേക്കർ സ്ഥലവും വിൽപനക്കായി പരസ്യപ്പെടുത്തി പലരുമായി കരാറുണ്ടാക്കിയും വൻതുക അഡ്വാൻസായി വാങ്ങിയെടുത്തു. അന്പതുലക്ഷം വരെ നഷ്ടമായ 15 പേരുടെ പരാതിയിൽ അന്ന് മോഹൻദാസിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ കുടുംബത്തോടൊപ്പം നാടുവിടുകയായിരുന്നു. ഇതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ പിടികിട്ടാപ്പുള്ളികളെപ്പറ്റിയുള്ള അന്വേഷണം ത്വരിതപ്പെടുത്തിയതോടെയാണ് മോഹൻദാസ് ഡൽഹിയിലുള്ളതായി വിവരം ലഭിച്ചതും അറസ്റ്റു ചെയ്തതും. ഡൽഹിയിലെ ഒരു ക്ഷേത്രത്തിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു മോഹൻദാസ്.