ലോകായുക്തയ്ക്ക് പുട്ടിടാൻ സർക്കാർ; ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു - എതിർത്ത് പ്രതിപക്ഷം

ലോകായുക്തയെ നിർവീര്യമാക്കാനുള്ള ഓർഡിനൻസിന് സർക്കാർ അനുമതി നൽകി. ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന നിയമഭേദഗതി ഉൾപ്പെടുത്തിയാണ് ഓർഡിനൻസ് കൊണ്ടുവന്നത്. കഴിഞ്ഞ മന്ത്രിസഭായോഗം ഓർഡിനൻസിന് അനുമതി നൽകി അംഗീകാരത്തിനായി രാജ്ഭവന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനും എതിരായ പരാതികൾ ലോകായുക്തയിൽ നിലനിൽക്കുന്നതിനിടെയാണ് സർക്കാരിന്‍റെ പുതിയ നീക്കം. അഴിമതി തെളിഞ്ഞാൽ അധികാരികൾ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ അധികാരമുണ്ടായിരുന്നു. എന്നാൽ ഇത്തരം വിധിയിൽ അധികാരിക്ക് ഒരു ഹിയറിംഗ് കൂടി ആവശ്യമെങ്കിൽ നടത്താമെന്നും വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നുമാണ് പുതിയ ഭേദഗതി.
അതേസമയം ലോകായുക്തയെ നോക്കുകുത്തിയാക്കുന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ പ്രസക്തി ഇല്ലാതാക്കി പ്രവർത്തിക്കാനാണ് സർക്കാർ നീക്കം. പുതിയ ഓർഡിനൻസോടെ ലോകായുക്തയുടെ പ്രസക്തി തന്നെയില്ലാതായി. സർക്കാരിനെതിരേ ഉയരുന്ന അഴിമതി ആരോപണങ്ങളുടെ മുനയൊടിക്കാനാണ് ലോകായുക്തയെ ഇല്ലാതാക്കുന്നത്. ഇക്കാര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകായുക്തയെ നിയമിക്കുന്ന സമിതിയിൽ പ്രതിപക്ഷ നേതാവ് ഉണ്ടെങ്കിൽ ഭേദഗതിയെക്കുറിച്ച് സർക്കാർ ഒന്നും അറിയിച്ചില്ലെന്നും സതീശൻ വ്യക്തമാക്കി.
ലോകായുക്തയുടെ അധികാരം കവർന്നെടുക്കുന്ന ഓർഡിനൻസിനെതിരേ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല എംഎൽഎയും രംഗത്ത് എത്തി. ഇതിലും ഭേഗം ലോകായുക്തയെ പിരിച്ചുവിടുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.