ഇനി എല്ലാ അംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താം; എസ്എൻഡിപിയിലെ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി

എസ്എൻഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇതോടെ 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നുള്ള വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എൻഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഇതോടെ ഭരണ സമിതിയുടെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങി. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നൽകിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.
എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് സുപ്രധാന വിധി. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളി നടേശനും സംഘത്തിനും കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നാണ് വിലയിരുത്തൽ. പ്രാതിനിത്യ വോട്ടവകാശം ചോദ്യം ചെയ്ത ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്. പതിനായിരത്തോളം അംഗങ്ങളാണ് എസ്എൻഡിപിയിൽ ഉള്ളത്. അതായത് 200 അംഗങ്ങളുള്ള ഒരു യുണിറ്റിന് ഒരു വോട്ട് എന്നതാണ് രീതി. എന്നാൽ വിധിയെ കുറിച്ച് കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. 25 കൊല്ലമായി താൻ തെരഞ്ഞെടുക്കപ്പെടുന്നത് പ്രാതിനിധ്യ തെരഞ്ഞെടുപ്പ് പ്രകാരമാണ്. കൂടുതൽ പ്രതികരണമില്ല. പഠിച്ച ശേഷം അഭിപ്രായം പറയാമെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ജനാധിപത്യത്തെ കുറിച്ചൊന്നും പറയേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.