നടിയെ ആക്രമിച്ച കേസ്: സുരാജ് വഴി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു

ഗൂഢാലോചന കേസിൽ നടന്‍ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കെ നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ പണമിടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകൾ നൽകുന്നത് എന്നാണ് വിവരം. സാക്ഷികളെ സ്വാധീനിക്കാന്‍ സുരാജ് വഴി പണം നൽകിയതായിയാണ് കണ്ടെത്തൽ. ഇതിനെ സാധുകരിക്കുന്ന ഡിജിറ്റൽ പണം ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രമുഖ അഭിഭാഷകന്റെ ഇടപെടലും പൊലീസ് പരിശോധിക്കുന്നുണ്ട്. അഭിഭാഷകൻ വഴിയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് വിലയിരുത്തൽ.
അതിനിടെ, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ വിഐപി എന്ന് വിശേഷിപ്പിക്കുന്ന ശരത്തിലേക്ക് അന്വേഷണം പുരോഗമിക്കെ കാണാമറയത്തുള്ള ഇയാൾ ഹാജറാവാൻ തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറയാമെന്ന് ശരത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നാണ് വിവരം. സുഹൃത്ത് മുഖേനയാണ് ശരത് ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ദിലീപിന്റെ അടുത്തേത്ത് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എത്തിച്ച വ്യക്തിയാണ് എന്ന് വിലയിരുത്തുന്നയാളാണ് ശരത്. എന്നാൽ ദിലീപിന് ജാമ്യം എടുക്കാൻ സഹായിക്കുകമാത്രമാണ് താൻ ചെയ്തത് എന്നാണ് ശരത്തിന്റെ അവകാശവാദമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, നടൻ ദിലീപ് ഉൾപ്പെടെ ഗൂഢാലോചന കേസിലെ പ്രതികളായ അഞ്ച് പേരുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ തുടങ്ങി. രാവിലെ 9 മണിക്ക് തന്നെ ദിലീപ് സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർക്കൊപ്പമാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇന്നത്തെ ചോദ്യം ചെയ്യൽ.