ദിലീപിന്റെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ ഒമ്പതോടെയാണ് ദിലീപും മറ്റ് പ്രതികളും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. വൈകിട്ട് ആറിന് ശേഷമാണ് ചോദ്യംചെയ്യൽ അവസാനിച്ചത്. ഇതിനിടക്ക് ഉച്ചക്ക് ഒരു മണിക്കൂർ ഉച്ചഭക്ഷണത്തിനും മറ്റുമായി ഇടവേളയുണ്ടായിരുന്നു.
ചോദ്യംചെയ്യലിന് മേൽനോട്ടം വഹിക്കാൻ എ ഡി ജി പി ശ്രീജിത്ത് എത്തിയിരുന്നു. ആദ്യദിവസം വെവ്വേറെയിരുത്തിയാണ് പ്രതികളെ ചോദ്യം ചെയ്തത്. ദിലിപീന്റെയും മറ്റും മൊഴികൾ ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കും. എസ് പി മോഹനചന്ദ്രൻ ഇതിന് നേതൃത്വം നൽകും. ഇതിന് ശേഷം ബാക്കി ദിവസങ്ങളിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് അനുമതി നൽകിയത്.
രാവിലെ വാഹനത്തില്‍ നിന്നിറങ്ങിയ ദിലീപ് മാധ്യമങ്ങളുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കയറിപ്പോയത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.