ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് (73) അന്തരിച്ചു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ജനപ്രിയ അയ്യപ്പഭക്തി ഗാനങ്ങളിലുടെ ശ്രദ്ധേയനായ ആലപ്പി രംഗനാഥിന് കഴിഞ്ഞയാഴ്ചയാണ് ഹരിവരാസന പുരസ്കാരം നൽകി ആദരിച്ചത്.
മികച്ച സംഗീതസംവിധായകനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. സിനിമാ, നാടകം, ലളിതഗാനം, ഭക്തിഗാനം എന്നിങ്ങനെ വിവിധ മേഖലകളിലായി നിരവധി മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രതിഭയാണ് ആലപ്പി രംഗനാഥ്.
‘സ്വാമി സംഗീതമാലപിക്കും’, ‘എന്‍മനം പൊന്നമ്പലം’, ‘എല്ലാ ദുഃഖവും തീര്‍ത്തുതരൂ’ തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനാണ് ആലപ്പി രംഗനാഥ്. 1949 മാർച്ച് 9ന് ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജി.ദേവമ്മാളുടെയും ആറുമക്കളിൽ മൂത്തയാളാണ് ജനനം. സംഗീതം പൈതൃകമായി കിട്ടിയ ആലപ്പി രംഗനാഥിന് നൃത്തവും സംഗീതവും വാദ്യോപകരണങ്ങളുമെല്ലാം ഒരേ പോലെ വശമായിരുന്നു.
19 വയസ്സുള്ളപ്പോൾ കാഞ്ഞിരപ്പള്ളി പീപ്പിൾസ് ആർട്‌സ് ക്ലബ്ബിന്റെ നാടകത്തിനു പാട്ടെഴുതി സംഗീതം നൽകി ശ്രദ്ധേയനായി. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റൻ,ഗുരുദേവൻ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. പൂച്ചയ്ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകൾക്ക് പശ്ചാത്തലസംഗീതം ഒരുക്കി.