സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമം അനിവാര്യം: പി. സതീദേവി
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമം അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. സ്ത്രീകളുടെ വേതനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും സതീദേവി പറഞ്ഞു. സിനിമ മേഖലയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ കടന്നുവരുമ്പോൾ ആത്മവിശ്വാസം നല്‍കുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ടെന്നും ആ ഉറപ്പ് നല്‍കുന്നതില്‍ നിര്‍മാണ കമ്പനികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും സതീദേവി വ്യക്തമാക്കി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാഹചര്യമില്ല. എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷനെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടിയും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നും ആവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി(വിമൺ ഇൻ സിനിമ കളക്ടീവ്) അംഗങ്ങൾ വനിതാ കമ്മീഷനുമായി ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പി. സതീദേവി.
അമ്മ അക്രമിക്കപ്പെട്ട നടിയ്ക്കൊപ്പമാണെന്ന് പറയുന്നത് കള്ളമാണെന്ന് നടി പത്മപ്രിയ. സംഘടന അതിജീവിച്ച വ്യക്തിക്കൊപ്പമാണെന്ന് പറയുന്നത് വെറുതെയാണ്, നടിയെ ആക്രമിച്ച കേസിന്റെ പേരില്‍ അമ്മയില്‍ നിന്നും പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണം പത്മപ്രിയ പറഞ്ഞു. പുറത്തുപോയവര്‍ പുതിയ അംഗത്വ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാട്. അത് ശരിയല്ല. ചലച്ചിത്ര മേഖലയിലുള്ള പരാതികള്‍ കേള്‍ക്കുന്നതിനായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പത്മപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് പാര്‍വതി തിരുവോത്ത് പറഞ്ഞു. സാമൂഹമാധ്യമങ്ങളിലൂടെ പിന്തുണയറിയിച്ചാല്‍ പോരെന്നും ആരുടെയൊക്കെ കമ്പനികളില്‍ കംപ്ലെയിന്റ് സെല്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ ഉറപ്പുവരുത്തണമെന്നും പാര്‍വതി പറഞ്ഞു.