ആ വിഐപി കോട്ടയത്തുകാരനോ?
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപി കോട്ടയം സ്വദേശിയെന്ന് സൂചന. പ്രവാസി വ്യവസായിയായ ഇയാളെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞതായാണ് വിവരം. ഇത് സ്ഥിരീകരിക്കാന്‍ ശബ്ദ സാന്പിൾ പരിശോധിക്കും. വിഐപിക്കും ദിലീപിനും വിദേശത്ത് നിക്ഷേപമുണ്ടെന്നും വിവരമുണ്ട്.
വിദേശത്ത് നിന്നും നേരെ ദിലീപിന്‍റെ വീട്ടിലെത്തിയ ഇയാൾ നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപിന് കൈമാറിയെന്നായിരുന്നു ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. കൂടാതെ കേസ് അന്വേഷിക്കുന്ന സംഘത്തെ അപായപ്പെടുത്താൻ ദിലീപ് നടത്തിയ ഗൂഢാലോചനയിൽ ഈ വിഐപിയുമുണ്ടായിരുന്നതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണാമെന്ന് പറഞ്ഞ് ദൃശ്യങ്ങൾ കാണാൻ ദിലീപ് തന്നെയും ക്ഷണിച്ചിരുന്നുവെന്നും സംവിധായകൻ പറഞ്ഞിരുന്നു.