മാടായിപാറയിൽ സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതുമാറ്റി റീത്ത് വച്ചു
കണ്ണൂർ മാടായിപ്പാറയിൽ വീണ്ടും സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതു മാറ്റി. മാടായിപ്പാറ റോഡരികിൽ എട്ട് സർവേക്കല്ലുകൾ കൂട്ടിയിട്ട് റീത്ത് വച്ച നിലയിൽ കണ്ടെത്തി. സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം നിലനിൽക്കുന്ന സ്ഥലമാണിത്. സർവേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു. പൊലീസ് സഹായത്തോടെയാണു സർവേ പൂർത്തീകരിച്ചത്. ഇന്ന് പുലർച്ചെയാണ് പുതിയ സംഭവം ശ്രദ്ധയിൽ പെട്ടത്. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.
മാടായിപ്പാറയിൽ നേരത്തെയും സർവേക്കൽൽ പിഴുതു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പാറക്കുളത്തിനു സമീപത്തെ സർവേ കല്ലൂകളാണ് പിഴുതു കളഞ്ഞത്. പാറക്കുളത്തിനരികിൽ കുഴിച്ചിട്ട എൽ 1993 നന്പർ സർവേക്കല്ലാണു സ്ഥാപിച്ച സ്ഥലത്തു നിന്നു പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയിൽപെട്ടത്. നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സിൽവർ ലൈൻ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകൾ പ്രദേശത്ത് സർവേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു. എന്നാൽ കല്ല് പിഴുതതുമായി തങ്ങൾക്കു ബന്ധമില്ലെന്നാണു മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധ സമിതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, മാടായിപ്പാറയിൽ സിൽവർ ലൈനിന്റെ സർവേകൽൽ പിഴുതുമാറ്റിയ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച കോൺഗ്രസ് പ്രവർത്തകനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് നടപടി.