ദി​ലീ​പി​ന്റെ വീ​ട്ടി​ൽ​നി​ന്നും ക്രൈം​ബ്രാ​ഞ്ച് മ​ട​ങ്ങി മൊ​ബൈ​ലും ഹാ​ർ​ഡ് ഡി​സ്കും പി​ടി​ച്ചെ​ടു​ത്തു


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡ് പൂർത്തിയായി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടിലും സഹോദരൻ അനൂപിന്റെ വീട്ടിലും സിനിമാ നിർമാണ കമ്പനിയിലുമായിരുന്നു റെയ്ഡ്. ഏഴ് മണിക്കൂറാണ് പരിശോധന നീണ്ടുനിന്നത്. ദിലീപിന്റെ വീട്ടിൽനിന്നും മൊബൈൽ ഫോണുകളും കംപ്യൂട്ടർ ഹാർഡ് ഡിസ്കുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. അതേസമയം ദിലീപിന്റെ കൈവശം ഉണ്ടായിരുന്നുവെന്ന് പറയുന്ന തോക്ക് അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. 

ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വീടിന്റെ മതിൽ ചാടിക്കടന്നാണ് ക്രൈംബ്രാഞ്ച് സംഘം വീടിനുള്ളിൽ പ്രവേശിച്ചത്. പിന്നീട് ദിലീപിന്റെ സഹോദരിയെത്തി വീടിന്റെ വാതിൽ തുറന്നു കൊടുക്കുകയായിരുന്നു.  ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് ദിലീപിന്റെ വീട്ടിൽ പരിശോധന നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആലുവയിൽനിന്നുള്ള കൂടുതൽ പോലീസിനെയും വീടിനു മുന്നിൽ വിന്യസിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനാണ് പരിശോധന എന്നാണ് വിവരം.

You might also like

Most Viewed