മക്കളെല്ലാം കൈയൊഴിഞ്ഞു: ചികിത്സയിലിരിക്കെ അഞ്ചുമക്കളുടെ അമ്മ മരിച്ചു

അഞ്ചുമക്കളുള്ള അമ്മ മക്കളെല്ലാം കൈയൊഴിഞ്ഞതിനെത്തുടര്‍ന്ന് ആര്‍.ഡി.ഒ.യുടെ സംരക്ഷണയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വാത്തുകുളങ്ങര രാജലക്ഷ്മിഭവനില്‍ സരസമ്മ (74) ഹരിപ്പാട് ഗവ. ആശുപത്രിയില്‍ ഇന്നലെ രാത്രി 10 മണിയോടെയാണു മരിച്ചത്. മൂന്ന് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണ് സരസമ്മയ്ക്കുള്ളത്. ആരും സംരക്ഷിക്കാന്‍ തയ്യാറാകാത്തതിനാല്‍ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. ഇടപെട്ടാണ് ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മരണശേഷം മക്കള്‍ ആശുപത്രിയിലെത്തിയെങ്കിലും മൃതദേഹം വിട്ടുകൊടുക്കുന്നതില്‍ തീരുമാനമായിട്ടില്ല. ആര്‍.ഡി.ഒ.യുടെ ഉത്തരവിനു വിധേയമായേ മൃതദേഹം മക്കള്‍ക്കു വിട്ടുകൊടുക്കുകയുള്ളുവെന്ന് ഹരിപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിജു വി. നായര്‍ പറഞ്ഞു. അത്യാസന്നനിലയില്‍ ചികിത്സയില്‍ കഴിയുമ്പോഴും മക്കളെ കാണാന്‍ സരസമ്മ ആഗ്രഹം പറഞ്ഞിരുന്നു. വിവരം അറിയിച്ചിട്ടും ആരും വന്നില്ലെന്നാണ് പോലീസ് പറയുന്നത്. ആരോഗ്യവകുപ്പില്‍നിന്ന് നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച സരസമ്മ രോഗങ്ങളാല്‍ കഷ്ടപ്പെടുകയായിരുന്നു. ഒരുമാസം മുന്‍പ് ഒരു മകള്‍ സരസമ്മയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം സ്ഥലംവിട്ടെന്നു പോലീസ് പറഞ്ഞു.