മെഗാ തിരുവാതിര: സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി


തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരയിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി. വൈകാരിക ഘട്ടത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് നേതൃത്വത്തിന്‍റെ വിമർശനം. വിഷയത്തിൽ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടുകയും ചെയ്തു. ധീരജിന്‍റെ സംസ്കാരം നടക്കുന്നതിനിടെ തിരുവാതിര നടത്തിയത് ശരിയായില്ല. പാർട്ടി വികാരം മനസിലാക്കാതെയാണ് ജില്ലാ നേതൃത്വം മുന്നോട്ട് പോയത്. നേതാക്കൾക്ക് അവമതിപ്പുണ്ടാക്കിയാണ് തിരുവാതിര നടത്തിയതെന്നും സിപിഎം വ്യക്തമാക്കുന്നു. അതേസമയം, തിരുവാതിരയിൽ വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ നേതൃത്വവും അറിയിച്ചു.
ഇതിനിടെ, സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ സിപിഎമ്മിനെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. രക്തസാക്ഷിയെ നേടിയതിന്‍റെ ആഹ്ലാദത്തിലാണോ തിരുവാതിര സംഘടിപ്പിച്ചതെന്നാണ് വിമർശകർ ചോദിക്കുന്നത്. മെഗാ തിരുവാതിരയ്ക്കായി എഴുതിയ പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള വരികളും സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുന്നുണ്ട്.