പിങ്ക് പോലീസ് അപമാനിച്ച സംഭവം: ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് കോടതി
കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസുകാരിയെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന സർക്കാർ മറുപടിയിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥ അപമാനിച്ചതിന്‍റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്ന സർക്കാർ വാദം എത്രത്തോളം ശരിയാണ്. കുട്ടി കരഞ്ഞിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. എങ്കിൽ കുട്ടി കരഞ്ഞത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. കുട്ടി കരഞ്ഞുവെന്ന് സാക്ഷി മൊഴികളിൽ വ്യക്തമാണ്. പോലീസ് ഐജി ഈ വീഡിയോ പരിശോധിച്ചോയെന്നും കോടതി ചോദിച്ചു.
സർക്കാർ മറുപടിക്കൊപ്പം വീഡിയോ ഹാജരാക്കാത്തതിലും കോടതി വിമർശനം നടത്തി. വീഡിയോ ഉടൻ ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകി. പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ പരമാവധി നടപടി സ്വീകരിച്ചെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.