മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തണം; തമിഴ്നാടിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരും രംഗത്ത്. തമിഴ്നാട് സർക്കാരിന്‍റെ അഭ്യർഥന മാനിച്ചാണ് ബേബി ഡാം ബലപ്പെടുത്തണമെന്ന നിർദ്ദേശം കേന്ദ്രം കേരളത്തിന് മുന്നിൽ വച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്ത് കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച കത്ത് സംസ്ഥാന സർക്കാരിന് ലഭിച്ചത്. ബേബി ഡാം ബലപ്പെടുത്തുന്നതിന് പുറമേ അപ്രോച്ച് റോഡിന്‍റെ അറ്റകുറ്റപ്പണി നടത്തണമെന്നും എർത്ത് ഡാം ബലപ്പെടുത്താൻ നടപടി വേണമെന്ന ആവശ്യവും കേന്ദ്രം കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കത്തിന് സംസ്ഥാന സർക്കാർ വരും ദിവസങ്ങളിൽ മറുപടി നൽകിയേക്കും. ബേബി ഡാം ബലപ്പെടുത്തുന്നതിന് മരങ്ങൾ മറിക്കാൻ സംസ്ഥാന സർക്കാർ തമിഴ്നാടിന് അനുമതി നൽകിയത് വൻ വിവാദമായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്‍റെ ഇടപെടലും ഉണ്ടായിരിക്കുന്നത്. തമിഴ്നാടിന്‍റെ നിലപാടിനെ പിന്തുണച്ച് കേന്ദ്രം കൂടി രംഗത്തുവന്നതോടെ കേരളം കടുത്ത പ്രതിരോധത്തിലായി. വിവാദ ഉത്തരവ് പുറത്തിറക്കിയ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന് ഗുരുതര പിഴവുണ്ടായെന്നാണ് സർക്കാരിന്‍റെ പ്രാഥമിക കണ്ടെത്തൽ. താഴേതട്ടിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ അവഗണിച്ചാണ് ഇയാൾ തമിഴ്നാടിന് അനുകൂലമായ ഉത്തരവിറക്കിയത്. മുല്ലപ്പെരിയാറിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം പുതിയ ഡാം നിർമിക്കുക എന്നതാണെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ഇക്കാര്യം സുപ്രീംകോടതിയെ സംസ്ഥാനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പുതിയ ഡാം എന്ന നിർദ്ദേശത്തെ എതിർക്കുന്ന തമിഴ്നാടിനൊപ്പം കേന്ദ്ര സർക്കാർ കൂടി നിലയുറപ്പിച്ചതോടെ കേരളം കൂടുതൽ പ്രതിസന്ധിയിലായി.