മിസ് കേരള വിജയികളായ രണ്ടു യുവതികളുൾ‍പ്പെടെ മൂന്നു പേർ‍ മരിക്കാനിടയായ അപകടം; കാർ‍ ഡ്രൈവർ‍ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ്


കൊച്ചി: മിസ് കേരള വിജയികളായ രണ്ടു യുവതികളുൾ‍പ്പെടെ മൂന്നു പേർ‍ മരിക്കാനിടയായ അപകടത്തിൽ‍ അറസ്റ്റിലായ കാർ‍ ഡ്രൈവർ‍ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ടു തൃശൂർ‍ മാള കോട്ടമുറി സ്വദേശി അബ്ദുൾ‍ റഹ്മാനെ (25)ആണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. 

 ഇയാൾ‍ ഇപ്പോൾ‍ റിമാന്‍ഡിലാണ്. ചികിത്സയിലായിരുന്ന ഇയാൾ‍ ആശുപത്രി വിട്ടതിനു പിന്നാലെയായിരുന്നു അറസ്റ്റ്. അബ്ദുൾ‍ റഹ്മാന്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തിൽ‍ വ്യക്തമായതായി പാലാരിവട്ടം എസ്‌ഐ കെ.ആർ‍. രൂപേഷ് പറഞ്ഞു. മദ്യപിച്ചു അപടകരമായ രീതിയിൽ‍ വാഹനമോടിച്ചു മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയതായാണ് ഇയാൾ‍ക്കെതിരേ കേസ് രജിസ്റ്റർ‍ ചെയ്തിരിക്കുന്നത്.

ഈ മാസം ഒന്നിനു പുലർ‍ച്ചെ ഒന്നിനു ദേശീയപാതയിൽ‍ പാലാരിവട്ടം ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നിലായിരുന്നു അപകടം നടന്നത്. മുന്നിലുള്ള ബൈക്കിൽ‍ ഇടിക്കാതിരിക്കാന്‍ കാർ‍ വെട്ടിച്ചപ്പോൾ‍ നിയന്ത്രണം വിട്ടു പ്രധാന റോഡിനെയും സർ‍വീസ് റോഡിനെയും വേർ‍തിരിക്കുന്ന മീഡിയനിൽ‍ ഇടിക്കുകയായിരുന്നു. സംഭവത്തിൽ‍ 2019−ലെ മിസ് കേരള ആൻസി കബീറും(25), മിസ് കേരള റണ്ണർ‍ അപ്പ് ഡോ. അഞ്ജന ഷാജനും(24) ഇവരുടെ സുഹൃത്തായ തൃശൂർ‍ വെന്പല്ലൂർ‍ കട്ടന്‍ബസാർ‍ കറപ്പംവീട്ടിൽ‍ അഷ്റഫിന്‍റെ മകന്‍ കെ.എ. മുഹമ്മദ് ആഷിഖും(25) മരിച്ചു.

അതേസമയം, അപകടത്തിൽ‍പ്പെട്ടവർ‍ ഒത്തുകൂടിയ മട്ടാഞ്ചേരിയിലെ ഹോട്ടൽ‍ ഈ മാസം രണ്ടിന് എക്‌സൈസ് പൂട്ടിച്ചു. ഒക്ടോബർ‍ 28ന് രാത്രി വൈകിയും മദ്യവിൽപന നടത്തിയത് അറിഞ്ഞാണ് ഈ ഉത്തരവ്. എന്നാൽ‍, മൂന്നു പേരുടെ മരണവുമായി ബന്ധപ്പെട്ടല്ല നടപടിയെന്നും എക്‌സൈസ് അധികൃതർ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed