ഉത്ര വധക്കേസ് വിധി ഇന്ന്


കൊല്ലം: ഉത്ര വധക്കേസ് വിധി ഇന്ന്. കൊല്ലം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഉറങ്ങി കിടന്ന ഉത്രയെ പന്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നുവെന്നാണ് കേസ്. ഭർ‍ത്താവ് സൂരജാണ് കേസിലെ പ്രതി. 2020 മേയിലാണ് അഞ്ചലിലെ വീട്ടിൽ‍ ഉത്രയെ മരിച്ച നിലയിൽ‍ കണ്ടെത്തിയത്. മാതാപിതാക്കളുടെ പരാതിയെ തുടർ‍ന്ന് നടത്തിയ അന്വേഷണത്തിൽ‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഏപ്രിൽ രണ്ടിന് അടൂരിലെ സൂരജിന്‍റെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്. പക്ഷെ ഉത്ര രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്നു ഉത്ര. മെയ് ആറിന് രാത്രിയിൽ വീണ്ടും മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്. തുടർച്ചയായി രണ്ട് പ്രാവശ്യം പാന്പ് കടിച്ച സംഭവത്തിൽ സംശയം തോന്നിയ ബന്ധുക്കളാണ് പരാതി നൽകിയത്. 

ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പ്രതി പാന്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.  87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സൂരജിന് പാന്പുകളെ നൽകിയതായി മൊഴിനൽകിയ ചാവർകാവ് സുരേഷിനെ കേസിൽ മാപ്പുസാക്ഷിയാക്കി. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമാണു കേസ്.

You might also like

Most Viewed