ഖാദി ബോർഡ് വൈസ് ചെയർമാൻസ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻസ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്. ചരിത്ര രചനയുടെ തിരക്കിലാണെന്നും ഇതിനൊപ്പം ഖാദി വിൽപ്പന നടത്തുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്സണായിരുന്ന ശോഭന ജോർജിന്‍റെ രാജിയെ തുടർന്നാണ് ഈ സ്ഥാനത്തേക്ക് ചെറിയാൻ ഫിലിപ്പിനെ സർക്കാർ നിർദേശിച്ചത്. എന്നാൽ, വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്.
രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. അതുകൊണ്ട് ഖാദി വിൽപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി.