കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; മന്ത്രി പുത്രന് സമൻസ്


ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ‍ ഖേരിയിൽ‍ കർ‍ഷക സമരത്തിന് നേരെ വാഹനം ഇടിച്ച് കയറ്റി കർ‍ഷകരെ കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സമൻസ്. ആശിഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഉത്തർപ്രദേശ് പോലീസാണ് സമൻസ് അയച്ചത്. ആശിഷ് മിശ്രയുമായി അടുത്ത ബന്ധം പുലർ‍ത്തുന്ന രണ്ട് പേരെ ഇന്ന് യുപി പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊലക്കുറ്റത്തിന് ലവ്കുഷ് റാണ, ആശിഷ് പാണ്ധെ എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. 

അതേസമയം ലഖിംപുരിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ യുപി സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. പോലീസ് എത്രപേരെ അറസ്റ്റ് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കൊല്ലപ്പെട്ട ലവ്പ്രീത് സിംഗിന്‍റെ മാതാവിന് അടിയന്തര ചികിത്സ നൽകാനും യുപി സർക്കാരിനോട് കോടതി നിർദേശിച്ചു. എട്ടുപേർ കൊല്ലപ്പെട്ടെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. സംഭവത്തിൽ കർഷകർ, പത്രപ്രവർത്തകൻ തുടങ്ങിയവർ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമാണ്. നിങ്ങൾ ആർക്കൊക്കെ എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു, എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും സുപ്രീംകോടതി ചോദിച്ചു.

You might also like

Most Viewed