ശബരിമലയില്‍ 25000 പേര്‍ക്ക് പ്രവേശനം; പമ്പാ സ്നാനത്തിനും അനുമതി


തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25000 പേരെ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തില്‍ മാറ്റം വേണമെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീർത്ഥാടകർക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്സീൻ എടുത്തവരല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാവും പ്രവേശനം നൽകുക.

അഭിഷേകം ചെയ്ത നെയ്യ് എല്ലാവര്‍ക്കും കൊടുക്കുന്നതിന് ദേവസ്വം ബോര്‍ഡ് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദര്‍ശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ നില തുടരും. എരുമേലി വഴിയുള്ള കാനനപാത, പുല്‍മേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീര്‍ത്ഥാടകരെ അനുവദിക്കില്ല.
പമ്പയില്‍ സ്‌നാനത്തിന് അനുമതി നല്‍കും. വാഹനങ്ങള്‍ നിലക്കല്‍ വരെ മാത്രമേ അനുവദിക്കൂ. അവിടെ നിന്ന് പമ്പ വരെ കെഎസ്ആര്‍ടിസി ബസ്സുകൾ ഉപയോഗിക്കണം. കെഎസ്ആർടിസി ബസ് സ്റ്റോപ്പുകളില്‍ മതിയായ ശൗചാലയങ്ങള്‍ ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കും. അഗ്നി സുരക്ഷാ സംവിധാനങ്ങൾ നിലവിലില്ലാത്ത കെട്ടിടങ്ങളിൽ സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

You might also like

Most Viewed