മുട്ടിൽ മരം മുറി കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം


വയനാട്: വയനാട് മുട്ടിലിലെ അനധികൃത മരം മുറിക്കൽ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എംകെ സമീറിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട്ടിൽ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്തു നിന്ന് പിടികൂടിയ ഉദ്യോഗസ്ഥനാണ് സമീർ. വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റം. 

അതേസമയം, മുട്ടിൽ മരം മുറിക്കൽ കേസിൽ പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. മരം മുറിക്കലുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും അന്വേഷണ പരിധിയിലാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ അന്വേഷണ റിപ്പോർട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം നടപടി തീരുമാനിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

നേരത്തെ, മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മന്ത്രി മരവിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ മരവിപ്പിച്ചത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഇന്നലെ തീരുമാനമായിരുന്നു. കൂടുതൽ പരിശോധന ആവശ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ്കൺസർവേറ്റർ വിനോദ് കുമാർ ഡി.കെ പുറത്തിറക്കിയ ഉത്തരവാണ് മന്ത്രി മരവിപ്പിച്ചത്. നിലവിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇവർ ആരോപണം നിഷേധിക്കുകയാണ് ഉണ്ടായതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇവരുടെ സസ്പെൻഷൻ പിൻവലിച്ച് സർവ്വീസിലേക്ക് തിരിച്ചെടുക്കുന്നത് അന്വേഷണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നുമായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്.

You might also like

Most Viewed