കോവിഡ്: നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർ‍ജ്. സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാൻ സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സർ‍ക്കാർ‍. അതിനാലാണ് കടകൾ‍ക്കും കച്ചവട സ്ഥാപനങ്ങൾ‍ക്കുമുള്ള നിയന്ത്രണങ്ങൾ‍ കുറച്ചത്. എന്നാൽ‍ കോവിഡ് മാനദണ്ഡങ്ങൾ‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവർ‍ക്കും നിർ‍ദേശം നൽ‍കിയിരുന്നു. കുറേ പേർ‍ അത് പാലിക്കുന്നതായി കണ്ടു. എന്നാൽ‍ പലയിടങ്ങളിലും ആൾ‍ത്തിരക്കുണ്ടാകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതീവ വ്യാപനശേഷിയുള്ള ഡെൽ‍റ്റ വൈറസിന്‍റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും. മാത്രമല്ല മൂന്നാം തരംഗത്തിന്‍റെ ഭീഷണിയുമുണ്ട്. അതിനാൽ‍ തന്നെ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുന്പോൾ‍ എല്ലാവരും ഒരുപോലെ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. മൂന്നാം തരംഗം മുന്നിൽ‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ‍ ആരംഭിച്ചിരുന്നു. 

താലൂക്ക് തലംമുതലുള്ള ആശുപത്രികളിൽ‍ ഓക്‌സിജന്‍ കിടക്കകളും ഐസിയുവും സജ്ജമാക്കി വരുന്നു. വെന്‍റിലേറ്ററുകളുടെ എണ്ണവും വർ‍ധിപ്പിച്ചു. ജില്ലാ ജനറൽ‍ ആശുപത്രികളിലെ ഐസിയുകളെ മെഡിക്കൽ‍ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷൻ ആരംഭിച്ചിട്ടില്ലാത്തതിനാൽ‍ മൂന്നാം തരംഗം ഉണ്ടായാൽ‍ അതേറെ ബാധിക്കുന്നത് കുട്ടികളെയാണെന്ന് കണ്ടെത്തിയതിനാൽ‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങൾ‍ വർദ്‍ധിപ്പിച്ചു വരുന്നു. 490 ഓക്‌സിജൻ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകൾ‍, 158 എച്ച്ഡിയു കിടക്കകൾ‍, 96 ഐസിയു കിടക്കകൾ‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികൾ‍ക്കായി സജ്ജമാക്കുന്നത്. ഓക്‌സിജന്‍റെ ലഭ്യത ഉറപ്പ് വരുത്താൻ പ്രത്യേക പ്രാധാന്യം നൽ‍കി വരുന്നു. സംസ്ഥാനത്ത് ആകെ 870 മെട്രിക് ടൺ ഓക്‌സിജൻ കരുതൽ‍ ശേഖരമായിട്ടുണ്ട്. നിർ‍മാണ കേന്ദ്രങ്ങളിൽ‍ 500 മെട്രിക് ടണും കെഎംഎസ്‌സിഎൽ‍ ബഫർ‍ സ്റ്റോക്കായി 80 മെട്രിക് ടണും ഓക്‌സിജൻ കരുതിയിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രികളിൽ‍ 290 മെട്രിക് ടൺ ഓക്‌സിജനും കരുതൽ‍ ശേഖരമായിട്ടുണ്ട്. 33 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകളാണ് സജ്ജമാക്കി വരുന്നത്. ഇതിലൂടെ 77 മെട്രിക് ടൺ ഓക്‌സിജൻ അധികമായി നിർ‍മിക്കാൻ സാധിക്കും. ഇതിൽ‍ ഒൻപത് എണ്ണം പ്രവർ‍ത്തനസജ്ജമായി കഴിഞ്ഞു. 

സംസ്ഥാന സർ‍ക്കാർ‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്ന 38 ഓക്‌സിജൻ ജനറേഷൻ യൂണിറ്റുകൾ‍ സ്ഥാപിക്കാനുള്ള നടപടികൾ‍ പുരോഗമിക്കുകയാണ്. ഇതിന് പുറമേ സർ‍ക്കാരിന്‍റെ നിർ‍ദേശ പ്രകാരം 13 മെട്രിക് ടൺ ഓക്‌സിജൻ പ്രതിദിനം നിർ‍മിക്കുന്നതിനുള്ള ഓക്‌സിജൻ ജനറേഷൻ സിസ്റ്റം സ്വകാര്യ ആശുപത്രികളിൽ‍ സ്ഥാപിച്ചു കഴിഞ്ഞു. മുതിർ‍ന്നവരെ പോലെ കുട്ടികൾ‍ക്കും കോവിഡ് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിൽ‍ ഒരാൾ‍ക്ക് രോഗം വന്നാൽ‍ അത് സ്വാഭാവികമായും വീട്ടിലുള്ള മറ്റുള്ളവരിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണുള്ളത്. അതിനാൽ‍ നിർ‍ബന്ധമായും ക്വാറന്‍റൈന്‍ വ്യവസ്ഥകൾ‍ പാലിക്കണം. വയോജനങ്ങൾ‍ക്കും അനുബന്ധ രോഗമുള്ളവർ‍ക്കും രോഗം വന്നാൽ‍ മൂർ‍ച്ഛിക്കാൻ‍ സാധ്യതയുണ്ട്. അടച്ചിട്ട സ്ഥലങ്ങൾ‍ കോവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാൽ‍ തന്നെ സ്ഥാപനങ്ങളും ഓഫീസുകളും ജാഗ്രത പാലിക്കണം. ഭക്ഷണം കഴിക്കുന്പോഴും കൈ കഴുകുന്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ‍ രോഗം പടരാൻ സാധ്യതയുണ്ട്. പരിശോധനകൾ‍ പരമാവധി വർ‍ദ്ധിപ്പിക്കുന്നതാണ്. ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായാൽ‍ യാത്ര നടത്താതെ കോവിഡ് പരിശോധന നടത്തി കോവിഡല്ലെന്ന് ഉറപ്പിക്കണം. മൂക്കും വായും ശരിയായി മൂടത്തക്ക വിധം ഡബിൾ‍ മാസ്‌കോ എന്‍ 95 മാസ്‌കോ ധരിക്കണം.  വ്യക്തികൾ‍ തമ്മിൽ‍ ചുരുങ്ങിയത് രണ്ട് മീറ്റർ‍ അകലം പാലിക്കുകയും കൈകൾ‍ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയോ ചെയ്യണം. പരമാവധി പേർ‍ക്ക് വാക്‌സിൻ നൽ‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സർ‍ക്കാർ‍. വാക്‌സിൻ എടുത്തു എന്ന് കരുതി ആരും ജാഗ്രത കൈവിടരുത്. അടുത്ത കാലത്തുണ്ടായ പഠനങ്ങൾ‍ സൂചിപ്പിക്കുന്നത് വാക്‌സിൻ എടുത്തവർ‍ മുന്‍ കരുതലുകളെടുത്തില്ലെങ്കിൽ‍ അവരിലൂടെ ഡെൽ‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ്. അതിനാൽ‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed