പത്ത് ദിവസത്തിനിടെ കേരളത്തിൽ 750 കോടിയുടെ മദ്യ വിൽപന
തിരുവനന്തപുരം: തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ മദ്യവിൽപ്പനയിൽ റെക്കോർഡെന്ന് ബെവ്കോ. ഈ പത്ത് ദിവസങ്ങൾക്കിടെ ആകെ 750 കോടി രൂപയുടെ മദ്യവിൽപന നടന്നുവെന്ന് ബെവ്കോ അധികൃതർ അറിയിച്ചു. 70 ശതമാനം വിൽപ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലും 30 ശതമാനം വിൽപ്പന നടന്നത് ബാറുകളിലുമാണ്. ഉത്രാടത്തിന് 85 കോടിയുടെ മദ്യവിൽപന നടന്നു. ആദ്യമായി ഒരു ഔട്ട്‌ലെറ്റിൽ മാത്രം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റുവെന്നും അധികൃതർ പറഞ്ഞു. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് 1.04 കോടിയുടെ മദ്യം ഉത്രാടത്തിന് വിറ്റത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന ഓൺലൈൻ വിൽപനയിലൂടെ 10 ലക്ഷം രൂപയ്ക്കടുത്ത് വരുമാനം ലഭിച്ചു. തിരക്ക് കുറയ്ക്കാൻ 181 അധിക കൗണ്ടറുകൾ ബെവ്കോ തുറന്നിരുന്നു.
സംസ്ഥാനത്ത് ഓണദിവസങ്ങളിൽ കണ്‍സ്യൂമർ ഫെഡിനും റെക്കോർഡ് വ്യാപാരം നടന്നി. ഓണം തുടങ്ങി ഉത്രാടം വരെയുള്ള പത്ത് ദിവസങ്ങളിൽ മാത്രം 150 കോടി രൂപയുടെ വിൽപ്പനയാണ് കൺസ്യൂമർ ഫെഡ് നടത്തിയത്. ഇതിൽ ഓണ വിപണികൾ, ത്രിവേണി സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി 90 കോടിയുടെ വിൽപ്പനയും മദ്യഷോപ്പുകൾ വഴി 60 കോടിയുടെ വിൽപ്പനയുമാണ് ഉണ്ടായത്.
ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, ഓണ വിപണി എന്നിവയിലൂടെ അന്‍പത് ശതമാനത്തോളം വിലക്കുറവിലാണ് നിത്യോപയോഗ സാധനങ്ങൾ വിറ്റത്. ഈ ഇനത്തിൽ ലഭിച്ചതാണ് 45 കോടിയും. ബാക്കി നാൽപത്തിയഞ്ചുകോടി രൂപയും മറ്റ് അവശ്യവസ്തുക്കൾക്ക് പത്തുമുതൽ 30 ശതമാനം വരെ ഇളവ് നൽകിയാണ് ഉപഭോക്താക്കൾക്ക് നൽകിയത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ ഇരുപതിനായിരം ഓണവിപണികളാണ് സംസ്ഥാനത്ത് ആകെ പ്രവർത്തിച്ചത്.
വിദേശമദ്യ വിൽപനയിൽ കഴിഞ്ഞ തവണ കൺസ്യൂമർ ഫെഡിന് ലഭിച്ചത് 36 കോടിയായിരുന്നു. അത് ഇത്തവണ 60 കോടിയിലേക്കെത്തി. ആകെ 39 വിദേശമദ്യഷോപ്പുകളാണ് ഇത്തരത്തിലുള്ളത്. കുന്നംകുളത്തെ മദ്യഷോപ്പിലാണ ഉത്രാടദിനത്തില ഏറ്റവും ഉയർന്ന വിൽപന നടന്നത്. അറുപത് ലക്ഷമായിരുന്നു ഇത്.