അഫ്ഗാനിസ്താൻ മതമൗലിക വാദികൾക്കുള്ള പാഠമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അഫ്ഗാനിസ്താൻ മതമൗലിക വാദികൾക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയതയുടെ പേരിൽ തീ ആളിപ്പടർത്തിയാൽ മനുഷ്യൻ അതിൽ തന്നെ എരിഞ്ഞടങ്ങും. ജനങ്ങളും രാഷ്ട്രങ്ങളും മതമൗലിക വാദത്തിന്റെ ഇരകളാണ്. മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ല. സ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാൻ ശ്രമിച്ചു. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും പിണറായി വിജയൻ പറഞ്ഞു.
മനുഷ്യന്റെ അതിജീവനം ശ്രീനാരായണ ഗുരുകാട്ടിയ വഴിയിലൂടെയാണെന്ന് ലോകത്തിലെ സംഭവങ്ങൾവീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഗുരുസന്ദേശം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.