പുതുപ്പള്ളിയിൽ തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി
![പുതുപ്പള്ളിയിൽ തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി](https://www.4pmnewsonline.com/admin/post/upload/A_MxQNCZcKX5_2021-03-13_1615630207resized_pic.jpg)
തിരുവനന്തപുരം: പുതുപ്പള്ളിയിൽ തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നേമത്ത് നിന്ന് മത്സരിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. പ്രവർത്തകരുടെ വികാരം മാനിക്കുന്നു. പുതുപ്പള്ളിയിലെ ജനങ്ങളുടെ സ്നേഹത്തിന് മുന്നിൽ അഭിവാദ്യങ്ങളെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രണ്ട് മണ്ഡലങ്ങളിലായി മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് തനിക്ക് പറയാൻ സാധിക്കില്ലെന്നും എന്തായാലും പുതുപ്പള്ളിയിൽ മത്സരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹം പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന ആവശ്യമുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ ഉമ്മൻചാണ്ടിയുടെ വീടിന് മുന്നിൽ പ്രകടനവുമായെത്തിയിരുന്നു. സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഡൽഹിയിലെ സ്ഥാനാർത്ഥി ചർച്ചകൾക്കു ശേഷം ഉമ്മൻചാണ്ടി പുതുപ്പള്ളയിലെ വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. ആവേശകരമായ സ്വീകരണമാണ് ഉമ്മൻചാണ്ടിക്ക് പ്രവർത്തകർ ഒരുക്കിയത്.