ബി.ജെ.പിക്ക് കേരളം ഭരിക്കാൻ 35 സീറ്റ് മതിയെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടിയാൽ കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന വാദം ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നേമത്ത് കോൺഗ്രസിന്‍റെ ശക്തനായ സ്ഥാനാർഥി വരുന്നത് അദ്ദേഹം സ്വാഗതം ചെയ്തു. ഉമ്മൻചാണ്ടിയെ പോലുള്ള കരുത്തരായ സ്ഥാനാർഥികൾ വന്നോട്ടെയെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് ശക്തനായ സ്ഥാനാർഥിയെ നിർത്തും. ഉമ്മൻചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തരായ സ്ഥാനാർഥികളുണ്ടാകുമെന്നും സുരേന്ദ്രൻ അറിയിച്ചു. നേമത്ത് ആര് വിചാരിച്ചാലും പരാജയപ്പെടുത്താനാകില്ല. നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.