മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചു; വെളിപ്പെടുത്തലുമായി സന്ദീപ് നായര്‍


കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് കേസിലെ പ്രതി സന്ദീപ് നായര്‍. എന്‍ഫോഴ്സമെന്‍റ് ഡയറക്ട്രേറ്റിനെതിരെ സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം ലഭിക്കുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി. പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിക്കേണ്ടിവരുമെന്ന് ഭീഷണപ്പെടുത്തിയെന്നും കത്തില്‍ പറയുന്നുണ്ട്. നിര്‍ണായക വെളിപ്പെടുത്താണ് കേസിലെ മൂന്നാം പ്രതിയായ സന്ദീപ് നായര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

തന്നെ അന്യായമായി തടവില്‍ വെച്ചിരിക്കുകയാണെന്നും തനിക്ക് ജാമ്യം അനുവദിക്കണമെന്നും കാണിച്ചാണ് കത്തയച്ചിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ഒരു ഉന്നതന്‍റെ മകന്‍റേയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് കത്തില്‍. അന്വേഷണം വഴി തെറ്റിക്കാണ് ഇവര്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തിൽ പണം നിക്ഷേപിച്ചവരെ കുറിച്ച് അറിയാന്‍ ശ്രമിച്ചിട്ടില്ല ഇതുവരെ. അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാനാണ് നിര്‍ബന്ധിച്ചതെന്നും കത്തില്‍ പറയുന്നു.

You might also like

Most Viewed